നാല് ദിവസമായി കോട്ടയം നഗരത്തിൽ വെള്ളമില്ല:

കോട്ടയം: കുടിവെള്ള വിതരണത്തിലെ തടസങ്ങൾ ഒരുവശത്ത്. പൈപ്പ് പൊട്ടൽ മറുവശത്ത്. കാര്യങ്ങൾ ഇങ്ങനെയെങ്കിലും അധികൃതരുടെ അനസ്ഥയ്ക്ക് ഒട്ടും കുറവില്ല. നഗരമധ്യത്തിൽ നാലു ദിവസത്തിലേറെയായി ജല വിതരണം തടസപ്പെട്ടിരിക്കുകയാണ്.ഇതിനിടെയാണ് നഗരമധ്യത്തിൽ ആകാശപ്പാതയ്‌ക്കു സമീപം ഇന്നലെ പുലർച്ചെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴായത്. ലക്ഷക്കണക്കിന് ലിറ്റർ വെള്ലം പാഴായിട്ടും ഉച്ചവരെ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ഒരുനടപടിയും സ്വീകരിച്ചില്ല.

നാലു ദിവസമായി നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ജലവിതരണം ഏതാണ്ട് പൂർണമായും തടസപ്പെട്ടിരിക്കുകയാണ്. നഗരത്തിലേയ്‌ക്കുള്ള ജലവിതരണ പൈപ്പിൽ അറ്റകുറ്റപണി നടക്കുന്നതിനാലാണ് ജലവിതരണം തടസപ്പെടുന്നതെന്നാണ് അധികൃതരുടെ വാദം. നഗരത്തിലേയ്ക്ക് വെള്ളം എത്തിക്കുന്ന പൈപ്പ് ലൈനിലാണ് തകരാറുള്ളത്. പാറമ്പുഴയിലെ പമ്പ് ഹൗസിൽ നിന്നും കളക്‌‌ടറേറ്റിനു സമീപത്തെ ഓവർഹെഡ് ടാങ്കിൽ വെള്ളം നിറച്ചാണ് നഗരപ്രദേശങ്ങളിൽ വിതരണം ചെയ്യുന്നത്. നഗരത്തിലെ പ്രധാന മേഖലകളിലെല്ലാം വെള്ളം എത്തിക്കുന്നത് ഈ ടാങ്കിൽ നിന്നാണ്. ഇതാണ് നാലു ദിവസത്തിലേറെയായി തടസപ്പെട്ടിരിക്കുന്നത്.

അറ്റകുറ്റപണികൾ ആരംഭിച്ചു

ശീമാട്ടി റൗണ്ടാനയ്‌ക്കു സമീപം പൈപ്പ് പൊട്ടിയതിനെ തുടർന്ന് ഉച്ചവരെ നിർത്താതെ റോഡിലൂടെ വെള്ളം ഒഴുകിയിരുന്നു. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ഉച്ചയോടെ പൈപ്പ് ഓഫ് ചെയ്തു. ഒപ്പം അറ്റകുറ്റപണികളും ആരംഭിച്ചിട്ടുണ്ട്.