ചങ്ങനാശേരി: നഗരസഭാ പരിധിയിലെ വഴിയോരക്കച്ചവടക്കാരുടെ കണക്കെടുപ്പ് പൂർത്തിയായി. 37 വാർഡുകളിലായി 281 വഴിയോരക്കച്ചവടക്കാരാണ് നഗരസഭാപരിധിയിലുള്ളത്. ദേശീയ നഗര ഉപജീവന ദൗത്യം നഗരസഭാ സിറ്റി മിഷന്റെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങൾ കൊണ്ടാണ് സർവേ പൂർത്തിയാക്കിയത്. സർവേയിലൂടെ ലഭിച്ച വിവരങ്ങൾ സിറ്റി മിഷൻ സംഘം നഗരകച്ചവട സമിതിയിൽ സമർപ്പിച്ച് അംഗീകാരം നേടും. വിവരങ്ങൾ കുടുംബശ്രീ മിഷനും നഗരസഭ കൈമാറും.നഗരസഭയിലെ ചുമതലയുള്ള ജീവനക്കാർ ഒരോ വാർഡും സന്ദർശിച്ച് നിലവിൽ കച്ചവടം നടത്തുന്നവരെ നേരിൽ കണ്ടാണ് വിവരങ്ങൾ ശേഖരിച്ചത്. വഴിയോരക്കച്ചവടക്കാരിൽ 28 പേർ സ്ത്രീകളും 253 പേർ പുരുഷൻമാണ്. ഇതിൽ ഭിന്നശേഷിക്കാരായവർ 23 പേരുണ്ട്. പഴം-പച്ചക്കറി, ഭക്ഷ്യസാധനങ്ങൾ, ലോട്ടറി, മീൻ വിൽപ്പന തുടങ്ങിയ കച്ചവടങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. സർവേയിലൂടെ കണ്ടെത്തിയ കച്ചവടക്കാരിൽ 2020 മാർച്ച് 24ന് മുൻപ് കച്ചവടം ആരംഭിച്ചവർക്ക് പ്രധാനമന്ത്രി സ്ട്രീറ്റ് വെണ്ടർ ആത്മ നിർഭർ നിധി പ്രകാരം വായ്പയും അനുവദിക്കും. ഇതുവരെ ഈ വായ്പയെടുത്തിട്ടില്ലാത്തവർക്കാണ് വായ്പ ലഭ്യമാക്കുക. ആദ്യ വായ്പ കൃത്യമായി തിരിച്ചടച്ചവർക്കുള്ള തുടർ വായ്പയായി 20000 രൂപ ലഭിക്കുന്നതിനുള്ള അപേക്ഷയും എൻ.യു.എൽ.എം സിറ്റി മിഷൻ മാനേജ്‌മെന്റ് മുഖേന വിതരണം ആരംഭിച്ചിട്ടുണ്ട്.