വൈക്കം : തലയാഴം പഞ്ചായത്തിൽ മൂന്നാം വാർഡിൽപ്പെട്ട പനച്ചിംതുരുത്ത് മേഖലയിലെ 80 ഓളം കുടുംബങ്ങൾ വെള്ളപ്പൊക്ക കെടുതിയിൽ നട്ടംതിരിയുന്നു. പെയ്തിറങ്ങുന്ന വെളളം ഒഴുകി പോകാതെ ജലാശയങ്ങൾ പോലെ കെട്ടി നിന്ന് വീടുകളിലേക്ക് ഒഴുകി കയറുകയാണ്. വീടുകളിലും ചുറ്റു പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ പുറത്തിറങ്ങാൻ പോലുമാകുന്നില്ല. പനച്ചിംതുരുത്ത് മാന്നാത്തുശ്ശേരി പാടശേഖരങ്ങളിൽ കൃഷി മുടങ്ങിയതാണ് പ്രശ്നമായത്. കൃഷി നടത്തുന്ന സമയങ്ങളിൽ ശേഷി കൂടിയ മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിക്കുന്ന രീതി നിലച്ചിരുന്നു. കൃഷി മുടങ്ങിയതോടെ വെളളം വറ്റിക്കാൻ സാഹചര്യം ഇല്ലാതായി. പാടശേഖരങ്ങളുടെയും തുരുത്തുകളുടെയും തീരങ്ങളിൽ കഴിയുന്ന കുടുംബങ്ങളാണ് ദുരിതകയത്തിൽപ്പെട്ടുപോയത്. പനച്ചിംതുരുത്ത്, കറുകത്തട്ട്, വാഴേക്കാട് എന്നീ പ്രദേശങ്ങളാണ് വെള്ളത്തിലായത്. പനച്ചിംതുരുത്ത് മേഖലയിൽ വരുന്ന അധിക ജലം പുത്തൻതോട് വഴി വേമ്പനാട്ടു കായലിലേക്ക് പമ്പിംഗ് സംവിധാനത്തോടെ ഒഴുക്കിയിരുന്നു. ഈ സംവിധാനം പുന:സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൃഷി ഭവനും, പഞ്ചായത്തും, പാടശേഖര സമിതിയും ഒരേ മനസോടെ നിന്നാലേ പ്രശ്നം പരിഹരിക്കാൻ കഴിയൂവെന്നാണ് വിലയിരുത്തൽ.

പ്രദേശവാസികളും പാടശേഖര സമിതിയുമായി വിഷയം ചർച്ചചെയ്ത് പ്രശ്‌ന പരിഹാരം കണ്ടെത്താൻ നീക്കങ്ങൾ നടത്തും. പ്രദേശവാസികളും കർഷകരും മുൻനിര പ്രവർത്തകരായി മാറണം

കെ. ബിനിമോൻ , പഞ്ചായത്ത് പ്രസിഡന്റ്

സാംക്രമിക രോഗ ഭീതിയിൽ
ഓർക്കാപുറത്തുണ്ടായ തീവ്രമായ മഴ സ്ഥിതിഗതികൾ മാറ്റിമറിച്ചു. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും മാർഗ്ഗമില്ലാത്ത സ്ഥിതിയിലാണ് പല കുടുംബങ്ങളും. മാസങ്ങളായി കെട്ടി നിൽക്കുന്ന ജലം മലിനമായി മാറുന്നത് കൊതുകുകൾ പരക്കാനും പകർച്ചവ്യാധികൾ പകരാനും വഴിയൊരുക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.