excise
നിലവിൽ ചങ്ങനാശേരി എക്‌സൈസ് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം

ചങ്ങനാശേരി: എക്സൈസ് ഉദ്യോഗസ്ഥർക്ക് ആശ്വാസം,​ ഒപ്പം ഒഴിവാകുന്നത് ആശങ്കയും... ഇടിഞ്ഞു വീഴാറായ കെട്ടിടത്തിൽ ജോലി ചെയ്തിരുന്ന ചങ്ങനാശേരിയിലെ എക്സൈസ് ഉദ്യോഗസ്ഥരുടെ ദുരിതമൊഴിയുന്നു. മൂന്ന് കോടി രൂപ ചെലവഴിച്ച് മൂന്ന് നിലകളിലായി ആധുനിക രീതിയിൽ പുതിയ എക്‌സൈസ് ഓഫീസ് കോംപ്ലക്‌സ് നിർമ്മിക്കാൻ പി.ഡബ്ലി.യു.ഡിയുടെ അനുമതിയായി. വർഷങ്ങൾ പഴക്കമുള്ള കെട്ടിടത്തിലാണ് നിലവിൽ ഓഫീസ് പ്രവർത്തിക്കുന്നത്. സമീപത്തെ കൂറ്റൻ മരങ്ങളും ഓഫീസിന് ഭീഷണി ഉയർത്തുന്നുണ്ട്. ചങ്ങനാശേരി എക്‌സൈസ് ഓഫീസിൽ സർക്കിൾ ഇൻസ്‌പെക്ടറുടെ കാര്യാലയവും റേഞ്ച് ഓഫീസും പ്രവർത്തിക്കുന്നുണ്ട്.

തൊണ്ടി മുതലുകൾ ജയിൽ മുറികളിൽ

പരിമിതി മൂലം തൊണ്ടി മുതലുകൾ ജയിൽ മുറികളിലാണ് സൂക്ഷിക്കുന്നത്. ഇടുങ്ങിയ മുറികളിൽ ഫയലുകൾ സൂക്ഷിക്കാൻ പോലും സൗകര്യമില്ല. ഓഫീസിൽ പഴയ ബഞ്ചും മേശയുമാണ് ഫർണ്ണീച്ചറുകളായി ഉപയോഗിക്കുന്നത്. അഞ്ച് വനിത ഓഫീസർമാർ, ഒരു ഡ്രൈവർ ഉൾപ്പെടെ 32 ജീവനക്കാരാണ് ഉള്ളത്.