കട്ടപ്പന: ഉപ്പുതറ ആലടി പി.എച്ച്.സിയിൽ തുടർച്ചയായ രണ്ടാം ദിവസവും വാക്‌സിൻ സ്വീകരിക്കാൻ അഭൂതപൂർവമായ തിരക്ക്. 9 മുതൽ 13 വരെ വാർഡുകളിലുള്ളവർക്ക് ടോക്കൺ അനുസരിച്ച് വാക്‌സിൻ വിതരണം ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും മറ്റ് വാർഡുകളിൽ നിന്നുള്ളവരും പുലർച്ചെ മുതൽ ആശുപത്രിയിലേക്ക് എത്തി. നിയന്ത്രണങ്ങൾ പാലിക്കാതെ 500ൽപ്പരം പേർ തിക്കിത്തിരക്കിയതോടെ ആരോഗ്യ പ്രവർത്തകരും വെട്ടിലായി. ഇതോടെ മുൻഗണന പട്ടികയിലുള്ള രണ്ടാം ഡോസ് സ്വീകരിക്കാനുള്ളവരടക്കം നിരാശരായി മടങ്ങി. ഒടുവിൽ ഉപ്പുതറ പൊലീസ് സ്ഥലത്തെത്തിയാണ് തിരക്ക് നിയന്ത്രിച്ചത്. കൊവിഡ് നിരീക്ഷണത്തിലിരുന്നവർ പോലും കേന്ദ്രത്തിലെത്തിയതായി വിവരമുണ്ട്. തിങ്കളാഴ്ച 300 ഡോസ് വാക്‌സിൻ എത്തിയതറിഞ്ഞ് പി.എച്ച്.സിയിലെത്തിയത് ആയിരത്തോളം പേരാണ്. രണ്ടാം ഡോസ് സ്വീകരിക്കാനുള്ളവർക്കും മുൻഗണന വിഭാഗത്തിലുള്ളവർക്കും ഉള്ള വാക്‌സിനാണ് എത്തിയത്. എന്നാൽ അതിരാവിലെ മുതൽ ആളുകൾ ആശുപത്രിയിലേക്ക് ഒഴുകിയെത്തി. ആരോഗ്യ പ്രവർത്തകരുമായി ചർച്ച ചെയ്യാതെ പഞ്ചായത്ത് അംഗങ്ങളാണ് ആളുകളെ പറഞ്ഞുവിടുന്നതെന്നും ആക്ഷേപമുണ്ട്. പി.എച്ച്.സികളിൽ പ്രതിദിനം 200 ഡോസ് വാക്‌സിൻ നൽകിയാൽ മതിയെങ്കിലും ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് 300 പേർക്ക് നൽകുന്നത്. ഭക്ഷണമോ വെള്ളമോ ഇല്ലാതെ മണിക്കൂറുകളോളം കാത്തുനിന്നിട്ടും ടോക്കൺ ലഭിക്കാതെ മടങ്ങുന്നവരും നിരവധിയാണ്.