കട്ടപ്പന: കാഞ്ചിയാർ മേഖലയിൽ മോഷ്ടാക്കളുടെ ശല്യം വർദ്ധിച്ചു. കാഞ്ചിയാർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ജേക്കബ് വടക്കന്റെ പള്ളിക്കവലയിലെ വീട്ടിൽ മോഷണശ്രമമുണ്ടായി. കഴിഞ്ഞ 11ന് ഇദ്ദേഹം കുടുംബസമേതം എറണാകുളത്ത് പോയിരുന്നു. ഇന്നലെ തിരിച്ചെത്തിയപ്പോൾ വാതിൽ കുത്തിത്തുറന്ന നിലയിലായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളും സാധനങ്ങളും വലിച്ച് പുറത്തിട്ടിട്ടുണ്ട്. വീട്ടുകാരുടെ പരാതിയിൽ കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഒരുമാസം മുമ്പ് പള്ളിക്കവലയിലെ വ്യാപാര സ്ഥാപനങ്ങളിലും ഒരു വീട്ടിലും മോഷണം നടന്നിരുന്നു. കൂടാതെ ഒരാഴ്ച മുമ്പ് ലബ്ബക്കടയിൽ 2 വ്യാപാര സ്ഥാപനങ്ങളിൽ നിന്നായി 26,000ൽപ്പരം രൂപയും പലചരക്ക്, സ്റ്റേഷനറി സാധനങ്ങളും മോഷണം പോയി.
മോഷണവും മോഷണശ്രമങ്ങളും തുടർക്കഥയായതോടെ നാട്ടുകാർ ആശങ്കയിലാണ്. പ്രധാന ജംഗ്ഷനുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് പൊലീസ് പട്രോളിംഗ് കർശനമാക്കണമെന്നാണ് ആവശ്യം.