സ്വകാര്യ സ്ഥാപനങ്ങളും നഗരസഭാ ശുചീകരണ വിഭാഗം ജീവനക്കാരും നഗരത്തിൽ മാലിന്യം തള്ളുന്നതായി ആക്ഷേപം

പാലാ: നഗര ഹൃദയത്തിൽ റോഡ് വക്കിൽത്തന്നെ മാലിന്യം തള്ളണോ ....? മാലിന്യം ഇടുന്നവരും ഇടീക്കുന്നവരും ആലോചിക്കേണ്ട കാര്യമാണ്.

പാലാ റിവർവ്യൂ റോഡിൽ ടൗൺഹാളിന് സമീപം മാലിന്യം തള്ളുന്നതും സ്ഥിതി ഡമ്പിംഗ് യാഡിന് സമാനമാണെന്നും പരാതി വ്യാപകമാണ്. പല സ്വകാര്യ സ്ഥാപനങ്ങളും നഗരസഭാ ശുചീകരണ വിഭാഗം ജീവനക്കാരും ഇവിടെ മാലിന്യം തള്ളുന്നതായാണ് ആക്ഷേപം. മുനിസിപ്പാലിറ്റിയുടെ സ്ഥലത്ത് ക്ലീൻ നഗരസഭ പദ്ധതി പ്രകാരം പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് കൂടുകൾക്ക് സമീപമാണ് മാലിന്യം കുന്നുകൂടിയിരിക്കുന്നത്. നഗരസഭാ ജീവനക്കാർ അടിച്ചു കൂട്ടുന്ന കടലാസ് മാലിന്യങ്ങൾ ഇവിടെ കുഴിച്ചു മൂടുന്നതിന് കുഴിയെടുത്തിട്ടുണ്ട്. മാലിന്യങ്ങൾ ഇവിടെ കത്തിക്കുന്നുമുണ്ട്. ആദ്യമൊന്നും ആർക്കും ഇതിൽ പരാതി ഇല്ലായിരുന്നു. ചെറിയ തോതിലല്ലേ നടന്നോട്ടെ എന്നു കരുതി. എന്നാൽ ഒരു മാസമായി ഇവിടേക്ക് വൻതോതിലാണ് മാലിന്യങ്ങൾ എത്തുന്നത്. പ്ലാസ്റ്റിക്, ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് കൂടിക്കിടക്കുന്നത്. രാത്രിയുടെ മറവിലാണത്രേ മാലിന്യം എത്തിക്കുന്നത്. ചിലർ മാലിന്യത്തിന് തീയിടാറുമുണ്ട്. പുകഞ്ഞുകത്തുന്ന മാലിന്യവും പ്ലാസ്റ്റിക്കിന്റെ ദുർഗന്ധവും സമീപത്തെ വ്യാപാരസ്ഥാപനങ്ങൾക്കും വഴിയാത്രക്കാർക്കും വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. നാളിതുവരെയായിട്ടും നഗരസഭാ അധികൃതർ ഇതിനെതിരെ നടപടിയെടുക്കാത്തതിൽ ജനരോഷം ശക്തമാണ്. കാമറ സ്ഥാപിച്ച് സാമൂഹ്യവിരുദ്ധരെ പിടികൂടണമെന്നാണ് നഗരവാസികളുടെ ആവശ്യം.

അടിയന്തിരമായി പരിഹരിക്കും.

നഗരമധ്യത്തിൽ വൻ തോതിൽ മാലിന്യം തള്ളുന്ന സംഭവം ഗൗരവമായി കാണുന്നുവെന്നും പ്രശ്നപരിഹാരം കണ്ടെത്തുമെന്നും പാലാ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കരയും, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിലും പറഞ്ഞു.