korangatty-water-fall
ജലസമൃദ്ധമായ കൊരങ്ങാട്ടി വെള്ളച്ചാട്ടം

അടിമാലി: അടിമാലി ടൗണിന്റെ നെറുകയിൽ നിന്നെന്നോണം ഒഴുകി എത്തുന്ന കൊരങ്ങാട്ടി വെള്ളച്ചാട്ടം മൺസൂൺ എത്തിയതോടെ ജലസമൃദ്ധമായി. പാറയിടുക്കിലൂടെ നുരഞ്ഞൊഴുകുന്ന ഈ ജലപാതയുടെ ഒത്ത ചുവട്ടിൽ നിന്ന് വേണ്ടുവോളം ഭംഗിയാസ്വദിക്കാം. അടിമാലി ടൗണിൽ നിന്നുള്ള കൊരങ്ങാട്ടി വെള്ളച്ചാട്ടത്തിന്റെ വിദൂര ദൃശ്യം മൺസൂൺകാലത്ത് അടിമാലി ടൗണിലൂടെ കടന്ന് പോകുന്നവരുടെ ഇഷ്ട കാഴ്ചയാണ്. ടൗണിൽ നിന്ന് അപ്‌സരകുന്ന് കൊരങ്ങാട്ടി വഴി സഞ്ചരിച്ചാൽ കേവലം ഒരു കിലോമീറ്ററിൽ ദൂരമേ കൊരങ്ങാട്ടി വെള്ളച്ചാട്ടത്തിലേക്കുള്ളൂ. അടിമാലി ടൗണിൽ നിന്ന് കൊരങ്ങാട്ടിയിലേക്കുള്ള യാത്ര ആരംഭിക്കുന്നത് മുതൽ ഈ വെള്ളച്ചാട്ടത്തിന്റെ ഇരമ്പലും രൗദ്രതയും കണ്ട് യാത്ര തുടരാം. ഇതിന് ഒത്തമുകളിൽ നിന്നുള്ള അടിമാലിയുടെ വിദൂര കാഴ്ചയ്ക്കും വാക്കുകൾക്കതീതമായ സൗന്ദര്യമുണ്ട്. മൺസൂൺ കാലത്തെ ജലസമൃദ്ധി കൂടിയാകുമ്പോൾ കാഴ്ചയ്ക്ക് പിന്നെയും അഴകേറും. അടിമാലി ടൗണുമായി തൊട്ടുരുമി ഒഴുകുന്ന വെള്ളച്ചാട്ടമാണെങ്കിലും ഭംഗിയാസ്വദിക്കാനും ചിത്രങ്ങൾ പകർത്താനുമൊക്കെ ഇവിടേക്കെത്തുന്നവർ ചുരുക്കമാണ്. വെള്ളം തലതല്ലിയൊഴുകുന്ന ഉരുളൻ കല്ലുകൾ മറ്റൊരു ആകർഷകമാണ്.