കോട്ടയം: ചന്തക്കടവിന് സമീപം റിട്ട. കോളേജ് അദ്ധ്യാപകൻ ചള്ളിയിൽ ഡോ.ജേക്കബ് മാണിയുടെ വീട് കണ്ടാൽ നഗരത്തിൽ തന്നെയാണോയെന്ന് തോന്നും. ആകെയുള്ള പതിനാറ് സെന്റ് സ്ഥലത്ത് വീടും ഒപ്പമൊരു ചെറുവനവും. പച്ചപ്പും പൂക്കളും കിളികളുമൊക്കെയായി കാറ്റിന് പോലുമുണ്ട് നന്മയുള്ളൊരു മണം. മാവ്,പ്ലാവ്,ചാമ്പ,നാരകം,നെല്ലി,ചൈനീസ് മൾബറി, സ്വീറ്റ് അമ്പഴം, മുന്തിരി പേര, വയലറ്റ് പേര, പീനട്ട് ബട്ടർ തുടങ്ങി മലയാളിക്ക് പരിചയമില്ലാത്ത ലോങ്ങാൻ, അവക്കാഡോ, വെൽവെറ്റ് ആപ്പിൾ തുടങ്ങി പഴച്ചെടികളുടെ അപൂർവ ശേഖരമാണ് ഡോ.ജേക്കബ് മാണിയുടെ മുറ്റവും ടെറസും നിറയെ. ഏറെ പ്രശസ്തമായ 'മിയാവാക്കി' വനമായി രൂപപ്പെടുത്തുകയാണ് ലക്ഷ്യം. തിരുവല്ല മാർത്തോമാ കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം അദ്ധ്യാപകനായിരുന്ന ജേക്കബ് പി.എച്ച്.ഡിയിലേയ്ക്ക് തിരിഞ്ഞതാണ് പ്രകൃതിക്കൊപ്പം കൂട്ടുകൂടാൻ കാരണം. റിസേർച്ചിന്റെ ഭാഗമായി വായിച്ചു തുടങ്ങിയ ഗാഡ്ഗിലും രാമചന്ദ്രഗുഹയും മേധാപട്കറുമൊക്കെ അതിന് ശേഷവും ഹൃദയത്തിൽ നിന്ന് ഒഴിഞ്ഞു പോയില്ല. വിരമിച്ചതോടെ നഗരത്തിലെ ചെറു സ്ഥലത്ത് സുഹൃത്തുക്കൾ നൽകിയതും നഴ്‌സറികളിൽ നിന്ന് വില കൊടുത്തു വാങ്ങിയവയതുമൊക്കെ നട്ടു. സ്നേഹം കൊണ്ടു നനച്ചു. പൂവും പഴങ്ങളും നിറഞ്ഞ മുറ്റവും ടെറസും നൽകുന്ന പോസിറ്റീവ് എനർജിയിൽ ആനന്ദകരമായ വിശ്രമജീവിതം. കറിവേപ്പ് മുതൽ വെണ്ട വരെ അത്യാവശ്യം കറിക്കുള്ള പച്ചക്കറികളുമുണ്ട്. ആവശ്യമുള്ള നാടൻ മുട്ടയ്ക്കായി നാടൻ കോഴികൾ. കോഴി വളവും മറ്റ് അജൈവ മാലിന്യങ്ങളും ചെടികളേയും സമ്പുഷ്ടമാക്കുന്നു. സന്ദർശകർ യാത്ര പറഞ്ഞ് പിരിയും മുന്നേ അദ്ദേഹം ഒരു ചെറിയ കവറിൽ കുറച്ചു തൈകളുമെടുത്ത് നീട്ടും.അതേ, കവി പാടിയത് പോലെ ഒരു തൈ നടാം നല്ല നാളേയ്ക്ക് വേണ്ടി!

'' വീട്ടിലെ മരങ്ങൾ തരുന്ന എനർജി പറഞ്ഞറിയിക്കാവുന്നതല്ല. സ്ഥലമില്ലെന്ന് പറ‌ഞ്ഞ് ആരും ഒന്നും നടാതിരിക്കരുത്. മനസുണ്ടെങ്കിൽ അതിനുള്ള വഴിയും തെളിയും''-ഡോ.ജേക്കബ് മാണി