വൈക്കം: തെരുവോരങ്ങളിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്ന നിർദ്ധനർക്ക് അത്താഴഭക്ഷണം നൽകാൻ കോൺഗ്രസിലെ സുമനസുകളുടെ കൂട്ടായ്മ.

ആശ്രയ എന്ന പേരിൽ കോൺഗ്രസ് പ്രവർത്തകർ ഒത്തുകൂടിയാണ് കഴിഞ്ഞ ഒരു മാസക്കാലമായി രാത്രി ഭക്ഷണം നല്കുന്നത്. ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് വൈക്കം ക്ഷേത്രത്തിൽ എല്ലാ ദിവസവും നടക്കുന്ന പ്രാതൽ ഉണ്ടും വൈകുന്നേരത്തെ അത്താഴകഞ്ഞി കഴിച്ചും വിശപ്പടക്കിയിരുന്നവർ ആ സൗകര്യം നഷ്ടപ്പെട്ടതോടെ വിഷമത്തിലായി. ഹോട്ടലുകളും മറ്റ് ഭക്ഷണശാലകളും അടഞ്ഞതോടെ ആ സൗകര്യങ്ങളും നഷ്ടപ്പെട്ടു. തെരുവോരങ്ങളിൽ കഴിഞ്ഞവരിൽ പലരും പട്ടിണിയിലായി. ദളവാക്കുളം ബസ് സ്റ്റാൻഡിലും പടിഞ്ഞാറേനടയിലുള്ള കടത്തിണ്ണകളിലും കച്ചേരിക്കവലയിലും മറ്റും അന്തിയുറങ്ങുന്നവരെ തേടിപിടിച്ച് ഒരു മാസക്കാലമായി എല്ലാ ദിവസവും ഭക്ഷണ പൊതി നല്കുകയാണ് കോൺഗ്രസ് പ്രവർത്തകർ. രാവിലെ മറ്റ് ചില സംഘടനകളും ഉച്ചയ്ക്ക് നഗരസഭയും ഇവർക്ക് ഭക്ഷണം നൽകുന്നുണ്ട്. ലോക്ഡൗൺ കാലത്ത് ദുരിതബാധിതർക്ക് പച്ചക്കറി കിറ്റുകൾ നല്കി. നഗരത്തിലെ പ്രധാന സ്ഥലങ്ങൾ അണുവിമുക്തമാക്കുകയും കിടപ്പ് രോഗികൾക്ക് മരുന്നു വാങ്ങി നല്കിയും ഇവർ മുൻനിരയിലുണ്ട്. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഇടവട്ടം ജയകുമാർ, ബി.ചന്ദ്രശേഖരൻ, വി.അനൂപ്, വർഗീസ് പുത്തൻചിറ, വൈക്കം ജയൻ, സന്തോഷ് ചക്കനാടൻ, പ്രദീപ് എന്നിവരടങ്ങുന്നതാണ് കൂട്ടായ്മ.