jotyal

ചങ്ങനാശേരി: എ.സി റോഡിൽ ചങ്ങനാശേരിക്ക് സമീപം ഒന്നാം പാലത്തിൽ കാർ നിയന്ത്രണം വിട്ട് ക്രെയിനിൽ ഇടിച്ച് യുവാവ് മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. തിരുവല്ല കുമ്പനാട് നെല്ലിമല്ല ആനപ്പാറയ്ക്കൽ ജോയിയുടെ മകൻ ജോയൽ (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അംഗിത്, തേജിഷ്, ജോൺസൺ, സിദ്ധാർത്ഥ്, മനു, വഴിയിൽ നിന്ന സുരേഷ് സാരഥി എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി ആലപ്പുഴ ഭാഗത്ത് നിന്ന് തിരുവല്ലയ്ക്ക് പോകവെ നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ക്രെയിനിൽ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഈ സമയം ക്രെയിനിന് സമീപം നിൽക്കുകയായിരുന്നു ഊരാളുങ്കൽ ലേബർ കൺസ്ട്രക്ഷൻ തൊഴിലാളിയായ സുരേഷ് സാരഥി. പരുക്കേറ്റ എല്ലാവരെയും സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജോയലിനെ രക്ഷിക്കാനായില്ല. ജോയലാണ് കാർ ഒാടിച്ചിരുന്നത്. എ.സി റോഡിന്റെ വികസനത്തിനായി ഒന്നാം പാലത്തിന് സമീപം പൈലിംഗ് വർക്ക് നടത്തുന്നതിനായി എത്തിച്ച ക്രെയിനാണ് റോഡരികിൽ നിർത്തിയിട്ടിരുന്നത്. പുതിയ പാലം പണിയുന്നതിനാവശ്യമായ സാധന സാമഗ്രികൾ റോഡിൽ നിരത്തിയിട്ടിരിക്കുകയായിരുന്നു. ജോയലിന്റെ മാതാവ്: സാലി. സഹോദരി: സിജോൾ. സംസ്‌കാരം പിന്നീട് നെല്ലിമല ബഥെൽ മാർത്തോമാ പള്ളി സെമിത്തേരിയിൽ.