പാലാ: തൊഴിലുറപ്പ് തൊഴിലാളിയായ യുവതിയെ കൊവിഡാണെന്ന് തെറ്റിധരിപ്പിച്ച് കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് നിർബന്ധിച്ച് പറഞ്ഞയച്ചതായി പരാതി. കൊവിഡ് പരിശോധനാ ഫലം പോലും വരും മുമ്പേയാണ് രോഗമുണ്ടെന്ന് അറിയിച്ച് നിർബന്ധപൂർവ്വം കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് പറഞ്ഞയച്ചതെന്ന് കൊഴുവനാൽ സ്വദേശിനിയായ 37കാരി പരാതിപ്പെടുന്നു. കൊഴുവനാലിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയെ മൂന്നു മണിക്കൂറിനു ശേഷം പരിശോധനാ രേഖകൾ ലഭിച്ചപ്പോൾ രോഗമില്ലെന്ന് തിരിച്ചറിഞ്ഞ് വീട്ടിലേക്ക് പറഞ്ഞയച്ചു. അതേസമയം സംഭവത്തിൽ പരാതി ലഭിച്ചിട്ടും ആരോഗ്യവകുപ്പ് അധികാരികൾ പ്രശ്‌നം ഒതുക്കിത്തീർക്കാൻ നീക്കം നടത്തുകയാണെന്ന് ആരോപണമുണ്ട്.
കൊഴുവനാൽ പഞ്ചായത്ത് അധികാരികളുടെ നിർദ്ദേശപ്രകാരം മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികളും കൊവിഡ് പരിശോധന നടത്തിയിരുന്നു.
തോടനാൽ കോളനി നിവാസിയായ യുവതിയും സ്വകാര്യ ആശുപത്രിയിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി. അന്ന് വൈകുന്നേരം തന്നെ പഞ്ചായത്തിലെ ഒരു ആശാപ്രവർത്തക, തനിക്ക് കൊവിഡ് ഉണ്ടെന്ന് ഫോണിൽ സന്ദേശം അയക്കുകയായിരുന്നൂവെന്ന് യുവതി പറഞ്ഞു. തൊഴിലുറപ്പിന്റെ ചുമതലയുള്ള ഒരു ജീവനക്കാരി തന്റെ പേരെടുത്ത് പറഞ്ഞ് തനിക്ക് കൊവിഡ് ഉണ്ടെന്ന ശബ്ദസന്ദേശം പലർക്കും അയച്ചുകൊടുത്തൂവെന്നും യുവതി പരാതിപ്പെടുന്നു.
എത്രയുംവേഗം കൊഴുവനാലിലെ കൊവിഡ് ചികിത്സാകേന്ദ്രത്തിലേക്ക് മാറാൻ ആശാപ്രവർത്തക നിർബന്ധിച്ചു. ഫലം വരാതെ പോകാൻ മടിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. കൊവിഡ് സെന്ററിൽ എത്തിയശേഷം കൊഴുവനാൽ പി.എച്ച്.സിയിലെ ഡോക്ടർ ഫോൺ വിളിച്ചാണ് രോഗമില്ലെന്ന് അറിയിച്ചത്. വീട്ടിൽ പോകാനും നിർദ്ദേശിച്ചു. സംഭവത്തിൽ കൊഴുവനാൽ പി.എച്ച്.സിയുടെ ചുമതലയുള്ള പഞ്ചായത്ത് അധികാരികൾക്ക് പിന്നീട് പരാതി നൽകിയിരുന്നു. നടപടിയുണ്ടായില്ലെങ്കിൽ ആരോഗ്യവകുപ്പ് മന്ത്രി, ജില്ലാ കളക്ടർ, ഡി.എം.ഒ എന്നിവരെ നേരിൽക്കണ്ട് പരാതി നൽകുമെന്നും യുവതി പറയുന്നു.
കൈയൊഴിഞ്ഞ് ഡോക്ടർ
സംഭവത്തിന്റെ ഉത്തരവാദിത്വം ആശാ പ്രവർത്തകയുടെ തലയിൽ ചാരി കൈകഴുകി ഡോക്ടർ. പിന്നീട് പരാതിക്കാരിയായ യുവതിയുമായി ഫോണിൽ സംസാരിച്ച ഡോക്ടർ ' ഈ സംഭവത്തെ താൻ ന്യായീകരിക്കുന്നില്ലെന്നും സൂചിപ്പിക്കുന്നുണ്ട്. പറ്റിപ്പോയി , ആശാ പ്രവർത്തക പറഞ്ഞതു കേട്ടാണ് യുവതിയെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റാൻ നിർദ്ദേശിച്ചതെന്നും ഡോക്ടർ പറയുന്നു. അതേസമയം കൊഴുവനാൽ പഞ്ചായത്തിലെ തൊഴിലുറപ്പ് ജീവനക്കാരിയാണ് യുവതിക്ക് കൊവിഡ് ഉണ്ടെന്ന് തനിക്ക് ശബ്ദ സന്ദേശം അയച്ചതെന്നും ഇക്കാര്യം താൻ ഡോക്ടറെ അറിയിക്കുകയും ഡോക്ടറുടെ അറിവോടെ തന്നെയാണ് യുവതിയോട് ചികിത്സാ കേന്ദ്രത്തിലേക്ക് പോകാൻ നിർദ്ദേശിച്ചതെന്നും ആശാ പ്രവർത്തക പറയുന്നു.
വിഷയം ചർച്ച ചെയ്യും
വിഷയം ചർച്ച ചെയ്യാൻ പഞ്ചായത്ത് കമ്മിറ്റിയുടെ അടിയന്തിരയോഗം ഉടൻ ചേരുമെന്ന് കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾ രാജ് അറിയിച്ചു. തൊഴിലുറപ്പ് ജീവനക്കാരിക്കും ആശാ പ്രവർത്തകയ്ക്കുമെതിരെ കർശന നടപടിയുണ്ടാകും. പരാതിയെ തുടർന്ന് വിഷയം സംസാരിക്കാൻ ബന്ധപ്പെട്ട ഡോക്ടറെ 2 തവണ വിളിച്ചെങ്കിലും പകരം ആളുകളെ വിട്ടതല്ലാതെ അവർ ഹാജരായില്ല. അടിയന്തിര കമ്മിറ്റിയിൽ വന്നിരിക്കണം എന്നാവശ്യപ്പെട്ട് ഡോക്ടർക്ക് കത്തുനൽകും. പഞ്ചായത്തു കമ്മിറ്റിയുടെ തീരുമാനം മുഖ്യമന്ത്രി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, കോട്ടയം ഡി.എം.ഒ എന്നിവരെ രേഖാമൂലം അറിയിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.