കോട്ടയം: ഇരുട്ടിനും കുഴിയ്‌ക്കും ചെളിക്കും പിന്നാലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ തെരുവുനായ ശല്യവും. കൊവിഡിനെ തുടർന്നു തട്ടുകടകളുടെ പ്രവർത്തനം നിലച്ചതോടെ ഭക്ഷണം ലഭിക്കാതായ തെരുവുനായ്‌ക്കൾ, ഇപ്പോൾ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലാണ് തമ്പടിക്കുന്നത്. ഇതോടെ സ്റ്റാൻഡിൽ ഭീതിയോടെയാണ് യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്.

നിരവധി നായ്‌ക്കളാണ് ബസ് സ്റ്റാൻഡിൽ അലഞ്ഞുതിരിയുന്നത്. പലതും ഭക്ഷണം ലഭിക്കാത്തതിനാൽ അക്രമാസക്തരാണ്. ഈ സാഹചര്യത്തിലാണ് നായ്‌ക്കൾ ഒറ്റയ്‌ക്കെത്തുന്ന യാത്രക്കാർ ഭീഷണി ഉയർത്തുന്നത്. ഇതിനിടെ നായ്‌ക്കൾ തമ്മിൽ കടിപിടികൂടുന്നതും പതിവാണ്. സ്റ്റാൻഡിൽ ബസുകൾ പാർക്ക് ചെയ്യുന്ന സ്ഥലത്തും, യാത്രക്കാരുടെ വിശ്രമ കേന്ദ്രത്തിലും എല്ലാം നായ്‌ക്കൾ തമ്പടിച്ചിട്ടുണ്ട്.

വൈകുന്നേരങ്ങളിൽ സ്റ്റാൻഡിൽ ഇരുട്ടായതിനാൽ യാത്രക്കാരിൽ പലരും അബദ്ധത്തിൽ നായ്‌ക്കളെ ചവിട്ടുന്നത് പതിവാണ്. ഇത്തരത്തിൽ ചവിട്ടുന്നവർ ഭാഗ്യംകൊണ്ട് മാത്രമാണ് നായ്‌ക്കളുടെ കടിയേൽക്കാതെ രക്ഷപെടുന്നത്. നായ്ക്കൾ സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവ‌ർമാർക്കും ഭീഷണിയാണ്. ഈ സാഹചര്യത്തിൽ ഓട്ടോഡ്രൈവർമാരും പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

നായ്‌ക്കൾ വലിയ ശല്യമായി മാറുകയാണ്. നായ്‌ക്കളെ നിയന്ത്രിക്കാൻ അധികൃതർ നടപടിയെടുക്കണം.

അരുൺ കെ.ആർ

യാത്രക്കാരൻ

കുറിച്ചി