ഉരുളികുന്നം: ഒരു വ്യക്തിയുടെ പുരയിടത്തിൽ നിന്ന് വിലകൊടുത്ത് വാങ്ങിയ രണ്ട് ആഞ്ഞിലിമരങ്ങൾ പുറമ്പോക്കിലേതെന്ന് പരാതി. ഇതിനെതുടർന്ന് വെട്ടിയ തടി നീക്കം ചെയ്യുന്നത് പൊലീസ് തടഞ്ഞു.റിട്ട.തപാൽ വകുപ്പ് ജീവനക്കാരനാണ് തടികൾ വാങ്ങിയത്. തടി വെട്ടിയപ്പോഴാണ് തർക്കം ഉണ്ടായത്. എന്നാൽ ഇത് പുറമ്പോക്കിലേതോ വ്യക്തിയുടേതോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ നടപടിയില്ല. പുറമ്പോക്കിലേതെങ്കിൽ ഇത് ലേലം ചെയ്യാനുള്ള നടപടി കൈക്കൊണ്ടില്ലെങ്കിൽ തോടിനരികിൽ ഇട്ടിരിക്കുന്ന തടി കനത്തമഴയുണ്ടായാൽ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോകാനോ നശിക്കാനോ ഇടയുണ്ട്.
ഇളംതോട്ടത്തിൽ പുരയിടത്തിൽ നിന്ന് റിട്ട.തപാൽ വകുപ്പ് ഉദ്യോഗസ്ഥനായ വീട്ടുവേലിൽ ബാലചന്ദ്രൻ നായർ വില കൊടുത്ത് വാങ്ങിയതാണ് 50 ഇഞ്ചിലേറെ വണ്ണമുള്ള മരങ്ങൾ. പ്രദേശവാസിയായ ഒരാൾ ഇത് തോട്ടുപുറമ്പോക്കിലെ തടിയാണെന്ന് പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് നീക്കം ചെയ്യുന്നത് തടഞ്ഞത്. പിന്നീട് പൊലീസ് മരം വിറ്റയാളെ വിളിപ്പിച്ചെങ്കിലും വിശദീകരണം നൽകാനെത്തിയില്ല. തോട്ടുപുറമ്പോക്കിലാണോ മരം നിന്നതെന്ന് അറിയണമെങ്കിൽ റവന്യൂവകുപ്പിൽ അറിയിച്ച് അളന്നുതിട്ടപ്പെടുത്തണം. എന്നാൽ അതിനുള്ള നടപടിയും ആരുടെയും ഭാഗത്ത് നിന്നില്ല.