ഭീതി പരത്തി തെരുവുനായ്ക്കൾ

കൊഴുവനാൽ: എവിടെ നോക്കിയാലും തെരുവുനായ്ക്കൾ. കൂട്ടമായി കൊഴുവനാൽ ടൗണിലും നോർത്ത് വാർഡിലുമൊക്കെയായി കറങ്ങി നടക്കുകയാണ്. എന്നാൽ പഞ്ചായത്ത് ഭരണാധികാരികളൊന്നും നായ്ക്കളേ 'കാണുന്നതേയില്ല' എന്നാണ് ജനങ്ങളുടെ പരാതി. മനുഷ്യരേയും, വീടുകളിലെ വളർത്തുമൃഗങ്ങളേയുമൊക്കെ തെരുവുനായ്ക്കൾ ആക്രമിക്കുന്നത് പതിവാണ്. പന്ത്രണ്ടാം വാർഡിലെ കളപ്പുരക്കൽ ഭാഗത്തുവെച്ച് കഴിഞ്ഞ ദിവസം തെരുവ് നായ്ക്കൾ ഒരു വീട്ടിലെ വളർത്തുനായയെ ആക്രമിച്ചു. ഏതാനും ദിവസങ്ങൾക്കകം ഈ വളർത്തുനായ ചത്തു.

ഇതോടെ വീട്ടുകാർ പരിഭ്രാന്തരായി. ആദ്യം കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇവരെ പിന്നീട് ഇവിടെ നിന്നും
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. വീട്ടമ്മയ്ക്കും രണ്ടു മക്കൾക്കും പേവിഷ പ്രതിരോധമരുന്ന് കുത്തിവെയ്‌ക്കേണ്ടി വന്നു.
ഈ തെരുവുനായ്ക്കൾ ഇതിനു മുമ്പ് മനുഷ്യരെയും ആക്രമിച്ചിട്ടുണ്ട്.
കൊഴുവനാലിലെ തെരുവുനായ ശല്യത്തിനെതിരെ പഞ്ചായത്ത് അധികാരികൾ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നാണാക്ഷേപം. കൊഴുവനാൽ ടൗണിലെ തെരുവുനായ്ക്കളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കൊഴുവനാൽ ന്യൂസ് വാട്‌സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ 12ാം വാർഡിലെ ഗ്രാമസഭയിലും ജനങ്ങൾ പരാതിപ്പെട്ടിരുന്നു. ഇതിനും പക്ഷേ ഒരു തുടർനടപടിയുമുണ്ടായില്ല.

അതേസമയം വിഷയം ഗൗരവത്തോടെ തന്നെ കാണുകയാണെന്ന് കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾ രാജ് പറഞ്ഞു. ഉടൻ ചേരുന്ന പഞ്ചായത്തു കമ്മിറ്റി വിഷയം ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അവർ അറിയിച്ചു.