വൈക്കം : വെച്ചൂർ പള്ളിയിൽ പ്രാർത്ഥനയ്ക്ക്‌ശേഷം മടങ്ങിയ അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി പാടശേഖരത്തിലേക്ക് മറിഞ്ഞു. വെച്ചൂർ - കല്ലറ റോഡിലെ കോലാംപുറത്തുകരി പാടശേഖരത്തിന് സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു അപകടം. ഏറ്റുമാനൂർ സ്വദേശികളായ ബിബിൻ മാത്യു, ഭാര്യ ആശാമോൾ, ബിബിന്റെ മകൾ മൂന്നു വയസുകാരി അമയ അന്ന, ബന്ധുക്കളും മുട്ടുചിറ സ്വദേശികളുമായ ചെറിയാൻ മാത്യു, ലീലാമ്മമാത്യു എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. രണ്ടാൾ പൊക്കം വെള്ളമുള്ള പാടശേഖരത്തിലേക്ക് വാഹനം മുങ്ങുന്നതുകണ്ട് ഓടിയെത്തിയ സമീപത്തുണ്ടായിരുന്ന ടിപ്പർ ഡ്രൈവറും മോട്ടോർ പുരയിലെ തൊഴിലാളികളും വെള്ളത്തിലിറങ്ങി ടിപ്പറിന്റെ ലിവർ ഉപയോഗിച്ച് കാറിന്റെ ഗ്ലാസുകൾ പൊട്ടിച്ച് ഇവരെ രക്ഷിക്കുകയായിരുന്നു. ടിപ്പർ ഡ്രൈവർ കുട്ടിയെ തന്റെ കൈയിൽ ഉയർത്തി പിടിച്ചാണ് വെള്ളത്തിൽ മുങ്ങാതെ കരയ്‌ക്കെത്തിച്ചത്. രക്ഷാപ്രവർത്തനത്തിനിടെ ടിപ്പർ ഡ്രൈവറുടെ കാലിന് പരിക്കേറ്റു. തുടർന്ന് ടിപ്പർ ഡ്രൈവറെയും അപകടത്തിൽപെട്ടവരെയും നാട്ടുകാർ ഇടയാഴംപ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലാത്തതിനാൽ അരമണിക്കൂറിനുശേഷം ഇവർ മടങ്ങി. സംഭവമറിഞ്ഞ് ഉടൻതന്നെ വൈക്കംപോലീസ് സ്ഥലത്തെത്തി. ക്രെയിൻ ഉപയോഗിച്ച് വാഹനം കരയ്ക്ക് കയറ്റി.