കോട്ടയം: ജില്ലയിൽ വ്യാപകമായി തരിശുനിലങ്ങൾ കൃഷി ചെയ്‌തു തുടങ്ങിയതോടെ കൊയ്‌ത്ത് യന്ത്രങ്ങളുടെ പേരിൽ കമ്മീഷനടിക്കുന്ന സംഘങ്ങൾക്ക് കോളടിച്ചു. ജില്ലാ പഞ്ചായത്തിന്റെയും നഗരസഭയുടെയും കൊയ്‌ത്ത് യന്ത്രങ്ങൾ കാടു പിടിച്ചു കിടക്കുമ്പോഴാണ് ഏജന്റുമാരുടെ വിളയാട്ടം. കൊയ്‌ത്ത് സീസണിൽ ജില്ലയിൽ ഇരുപതിലേറെ യന്ത്രങ്ങളാണ് തമിഴ്‌നാട്ടിൽ നിന്ന് എത്തിക്കുക. ഒരു യന്ത്രത്തിന് ദിവസം 800 മുതൽ ആയിരം രൂപ വരെ കമ്മിഷനായി ലഭിക്കും.
സംസ്ഥാന സർക്കാരിന്റെ പദ്ധതി പ്രകാരം തരിശിട്ട പാടശേഖരങ്ങൾ കൂടുതലായി കൃഷിയ്‌ക്ക് ഒരുക്കിയതോടെ തമിഴ്‌നാട്ടിൽ നിന്ന് കൂടുതൽ യന്ത്രങ്ങൾ എത്തിക്കേണ്ട സ്ഥിതിയാണ്. സീസന്റെ തുടക്കത്തിൽ 1800 രൂപ മുതലാണ് യന്ത്രങ്ങൾക്ക് ഈടാക്കുന്നതെങ്കിലും തിരക്കേറുമ്പോൾ ഇത് 2200 വരെയാകും.
യന്ത്ര ഉടമയ്ക്ക് ആയിരം രൂപ മാത്രമാണ് വാടക നൽകുന്നത്. ബാക്കി കൈപ്പറ്റുന്നത് ഇടനിലക്കാരായ മലയാളികളാണ്. ജില്ലാ പഞ്ചായത്തും നഗരസഭയും വാങ്ങിയ യന്ത്രങ്ങൾക്കും ആയിരം രൂപ മാത്രമായിരുന്നു വാടക. ഇടനിലക്കാർക്ക് പണം കൊടുക്കേണ്ടതുമില്ല. എന്നാൽ ഈ യന്ത്രങ്ങൾ ഉപയോഗശൂന്യമായ നിലയിലാണ്.
കാട് പിടിച്ച് രണ്ട് യന്ത്രങ്ങൾ
കോട്ടയം നഗരസഭയുടെ രണ്ട് കൊയ്‌ത്ത് യന്ത്രങ്ങൾ നാട്ടകം പ്രാഥമികാരോഗ്യ കേന്ദ്രത്തിനു പിന്നിൽ തുരുമ്പെടുത്തും കാടു പിടിച്ചും കിടക്കുകയാണ്. യന്ത്രങ്ങളുടെ അത്രയും ഉയരത്തിൽ പുല്ല് പടർന്നു പിടിച്ചിട്ടും ഇത് സംരക്ഷിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. നാലു വർഷം മുൻപ് വാങ്ങിയതാണിവ. നേരത്തെ നഗരസഭ ഓഫീസിനു മുന്നിലാണ് ഇട്ടിരുന്നത്. രണ്ടു വർഷമായി ആരോഗ്യ കേന്ദ്രത്തിനു പിന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.