കോട്ടയം: കൊവിഡ് കാലത്തെ വിരസതയകറ്റുന്ന അരുമ മൃഗങ്ങൾക്കും അലങ്കാര മത്സ്യങ്ങൾക്കും പക്ഷികൾക്കും പ്രിയമേറുകയാണ്. ആവശ്യക്കാർ കൂടിയതോടെ കൊള്ളവില വാങ്ങുന്നവരും കുറവല്ല.
യുവാക്കളാണ് പ്രധാന സംരംഭകർ. കൊവിഡ് കാലമായതിനാൽ ഓൺലൈൻ ബിസിനസാണ് കൂടുതൽ. ഓരോന്നിന്റെയും പ്രത്യേകത, വില എന്നിവ നൽകിയ വിവരങ്ങൾ അടങ്ങിയ വീഡിയോ, ചിത്രങ്ങൾ എന്നിവ കസ്റ്റമേഴ്‌സിന്റെ ആവശ്യ പ്രകാരം പങ്കുവയ്ക്കും. കൊവിഡ് കാലത്ത് തിരികെയെത്തിയ പ്രവാസികളായ ഉൾപ്പെടെ ഒട്ടേറെ പേർ അരുമ മൃഗങ്ങളുടെ വിൽപനയുമായി രംഗത്തെത്തിയിട്ടുണ്ട്.
കുരുന്നുകൾക്ക് കൂട്ട്
വിദ്യാഭ്യാസം വീട്ടിലായതോടെ കുട്ടികൾക്ക് വിനോദത്തിനുവേണ്ടി പലപ്പോഴും വളർത്തു മൃഗങ്ങളെയാണ് മാതാപിതാക്കൾ സമ്മാനിക്കുന്നത്. വളർത്തു മൃഗം ഉണ്ടായാൽ മൊബൈൽ പ്രേമം കുറയും. വിപണിയിൽ പ്രിയമേറിയതോടെ അലങ്കാര മൃഗങ്ങളുടെയും പക്ഷികളുടെയും ബ്രീഡിംഗും പലരും പരീക്ഷിക്കുന്നുണ്ട്.
നായ്ക്കൾക്ക് മോഹവില
നായ്ക്കളിൽ പ്രിയമേറുന്നത് അൽസേഷ്യൻ, റോട്‌വീലർ, ലാബ്രഡോർ, ഡോബർമാൻ തുടങ്ങിയവയുടെ കുഞ്ഞുങ്ങൾക്കാണ്. ചില ഇനങ്ങൾക്ക് 25,000 രൂപ വരെയും വിലയെത്തി. പഗ്, പോമറേനിയൻ, ഡാഷ്ഹണ്ട് തുടങ്ങിയവയ്ക്കും വില കാര്യമായി ഉയർന്നു.
ഗപ്പിയും ഫൈറ്ററും
അലങ്കാര മത്സ്യ വിപണിയാണ് കൊവിഡ് കാലത്ത് നിറമേറിയ മറ്റൊരു മേഖല. കുട്ടികളാണ് ആവശ്യക്കാർ. ആദ്യ ലോക്ക് ഡൗൺ കാലത്തേ മത്സ്യവളർത്തൽ ട്രെൻഡായിരുന്നു. ഗപ്പി, ഫൈറ്റർ മോളി, പ്ലാറ്റി, സോഡ് ടെയിൽ ഗോൾഡ് ഫിഷ്, എയ്ഞ്ചൽ തുടങ്ങിയവയൊക്കെ വൻ വിലയാണ് പലരും ഈടാക്കുന്നത്.
പക്ഷിവളർത്തലിൽ പുതുകമ്പം
ലൗ ബേഡ്‌സ് മുമ്പ് കാഴ്ച കൗതുകത്തിനായിരുന്നു വളർത്തിയിരുന്നത്. എന്നാൽ പക്ഷിവളർത്തലിൽ ആളുകൾക്ക് കമ്പമേറുകയാണ്. കുഞ്ഞു ഫിഞ്ചുകൾ മുതൽ ആഫ്രിക്കൻ ചാര തത്തകൾ വരെയുള്ള അലങ്കാര പക്ഷികൾക്ക് പ്രിയം വല്ലാതെ കൂടി. നേരത്തെ ആഫ്രിക്കൻ ചാരതത്ത ജോഡിക്ക് 65,000 രൂപയായിരുന്നു. ഒരു ജോഡി സങ്കനോർ വർണപക്ഷികൾക്ക് 55,000 രൂപയ്ക്കും ലഭിച്ചിരുന്നു. ഇപ്പോൾ ഇതിനൊക്കെ ഇതിലും വലിയ തുകയാണ് കച്ചവടക്കാർ പറയുന്നത്.
പരിചരണം മുടങ്ങരുത്
വലിയ വില കൊടുത്ത് അരുമപക്ഷികളെയും മൃഗങ്ങളെയും മറ്റും വാങ്ങുമെങ്കിലും കൃത്യമായ പരിചരണം നൽകുന്ന കാര്യത്തിൽ പലരും ശ്രദ്ധിക്കാറില്ല. പെട്ടെന്ന് രോഗം ബാധിക്കുന്നവയാണ് വിദേശ ഇനങ്ങളിൽ നല്ല പങ്കും. ദിവസവും കൂടു വൃത്തിയാക്കുകയും നിരീക്ഷിക്കുകയും നിരന്തരം മെഡിക്കൽ ചെക്കപ്പ് നടത്തുകയും പ്രതിരോധ കുത്തിവെപ്പുകൾ എടുക്കുകയും ചെയ്തില്ലെങ്കിൽ ഇവ അധിക കാലം ജീവിക്കില്ല. ഒരു മനുഷ്യകുഞ്ഞിനെ വളർത്തുന്നതിനേക്കാൾ കരുതൽ വേണ്ടവയാണ് വില കൂടിയ പല അരുമപക്ഷികളും മൃഗങ്ങളും.
'" അരുമ മൃഗങ്ങളും പക്ഷികളും വളർത്തുന്നവരുടെ എണ്ണം ലോക്ക് ഡൗണിന് ശേഷം മൂന്നിരട്ടിയായി വർദ്ധിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ വിരസത അകറ്റാൻ തുടങ്ങിയ പരീക്ഷണം പലർക്കും വരുമാന മാർഗം കൂടിയാണ്''
-ഡോ.ഷാജി പണിക്കശേരി, ചീഫ് വെറ്ററിനറി ഓഫീസർ