വൈക്കം : കൈപ്പുഴ വെച്ചൂർ പുത്തൻകായൽ തുരുത്തിലെ പുറംബണ്ടുകൾ നിർമ്മിക്കുന്നതിനും കാലപ്പഴക്കമേറിയ മോട്ടോറുകൾ മാ​റ്റി പുതിയവ സ്ഥാപിക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. സമുദ്റനിരപ്പിൽ നിന്ന് രണ്ടു മീ​റ്ററോളം താഴ്ചയിൽ സ്ഥിതി ചെയ്യുന്ന 750 ഏക്കർ വിസ്തൃതിയുള്ള കായൽ തുരുത്തിൽ 400 ലധികം കർഷകരാണുള്ളത്. തെങ്ങ്, വിവിധ ഇനം വാഴകൾ, ജാതി, കൊക്കോ, പച്ചക്കറി, കിഴങ്ങുവർഗങ്ങൾ തുടങ്ങിയവയാണ് തുരുത്തിൽ കൃഷി ചെയ്യുന്നത്.നിരവധി കർഷകർ മത്സ്യകൃഷിയും നടത്തുന്നുണ്ട്. വേമ്പനാട്ടു കായലിനു നടുവിൽ വെച്ചൂർ, ആർപ്പുക്കര പഞ്ചായത്ത് പരിധിയിൽ സ്ഥിതി ചെയ്യുന്ന കായൽ തുരുത്തിന്റെ പടിഞ്ഞാറു ഭാഗത്തും തെക്കുഭാഗത്തും പുറംബണ്ട് തകർന്ന നിലയിലാണ്. ഇതു മൂലം വേലിയേ​റ്റത്തിൽ കായൽ ജലം കൃഷിയിടത്തിലേക്ക് കയറുന്ന സ്ഥിതിയാണ്.തുരുത്തിന്റെ പടിഞ്ഞാറു ഭാഗത്ത് രണ്ടര കിലോമീ​റ്റർ നീളത്തിലും തെക്കുഭാഗത്ത് രണ്ട് കിലോമീ​റ്ററോളം ദൂരത്തിലും പുറം ബണ്ട് നിർമ്മിച്ചാൽ മാത്രമേ കൃഷി സംരക്ഷിക്കാനാകുവെന്ന് കർഷകർ പറയുന്നു.

പഴക്കം 60 വർഷം

കായൽ തുരുത്തിലെ പെയ്ത്തു വെള്ളവും ബണ്ട് കവിഞ്ഞെത്തുന്ന വെള്ളവും പുറന്തള്ളുന്നതിന് രാപകൽ പ്രവർത്തിപ്പിക്കുന്ന മോട്ടോറുകൾക്ക് 60 വർഷത്തിലധികം പഴക്കമുണ്ട്. കാലപ്പഴക്കമേറിയ മോട്ടോറുകൾ മാ​റ്റി പുതിയവ ലഭ്യമാക്കാൻ കഴിഞ്ഞ സർക്കാർ തീരുമാനമെടുത്തിരുന്നു. പുത്തൻകായൽ തുരുത്തിലെ കൃഷിയെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് വെച്ചൂർ പുത്തൻകായൽ കർഷകസംഘം സെക്രട്ടറി കെ.ബി. പുഷ്‌കരൻ ആവശ്യപ്പെട്ടു.