mons-joseph

കടുത്തുരുത്തി : കോട്ടയം ജില്ലയിലെ പെരുവ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് എറണാകുളം ജില്ലയിലെ പെരുവംമൂഴിയിൽ അവസാനിക്കുന്ന റോഡ് വികസന പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്റി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു. മന്ത്റി പി.എ മുഹമ്മദ് റിയാസ് വീഡിയോ കോൺഫറൻസ് വഴി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
റീ ബിൽഡ് കേരള ഇനിഷ്യേ​റ്റീവ് ഗതാഗത പദ്ധതിയിൽ ഉൾപ്പെടുത്തി കടുത്തുരുത്തി പിറവം അസംബ്ലി മണ്ഡലങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് 21 കിലോമീ​റ്റർ ദൂരം ഉന്നത നിലവാരത്തിൽ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ നടപ്പാക്കുന്ന പദ്ധതിയാണ് ഇതിലൂടെ ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് എം.എൽ.എമാരായ അഡ്വ. മോൻസ് ജോസഫ്, അഡ്വ. അനൂപ് ജേക്കബ് എന്നിവർ പറഞ്ഞു. 2020 ലാണ് സംസ്ഥാന സർക്കാർ റോഡ് വികസന പദ്ധതിക്ക് അനുമതി നൽകിയത്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ 100 കോടി രൂപയുടെ വികസന പദ്ധതിയാണ് ഇതിന്റെ ഭാഗമായി നടപ്പാക്കുന്നത്.
കെ.എസ്.ടി.പി മൂവാ​റ്റുപുഴ എക്‌സിക്യുട്ടീവ് എൻജിനീയർ ടിനി മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ് ശരത്, പിറവം മുൻസിപ്പൽ ചെയർപേഴ്‌സൺ ഏലിയാമ്മ ഫിലിപ്പ്, വൈസ് ചെയർമാൻ കെ.പി സലിം, മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ വാസുദേവൻ നായർ തുടങ്ങിയവർ പങ്കെടുത്തു.