ചങ്ങനാശേരി: മുത്തുലക്ഷ്മി ആദ്യകാലത്ത് വിറ്റ തൈകൾ ഇപ്പോൾ ചങ്ങനാശേരിയുടെ പരസരങ്ങളിൽ ഫലങ്ങൾ പൊഴിച്ച് നിൽക്കുന്നുണ്ടാവണം. ഈ നഗരത്തിലെ പാതയോരങ്ങളിൽ അലങ്കാരച്ചെടി- ഫലവൃക്ഷതൈ വിൽപ്പനയുമായി ഈ അറുപതുകാരി എത്തിയിട്ട് 20 വർഷം പിന്നിട്ടു . ഇപ്പോൾ കെ.എസ്.ഇ.ബി ഓഫീസിനു മുൻവശത്താണ് മുത്തുലക്ഷ്മിയുടെ തൈ വിൽപ്പന. ഭർത്താവ് അൽഫോൺസിന് വാഴൂർ സ്റ്റാൻഡിനു സമീപത്തായി ചെരുപ്പ് നന്നാക്കലാണ് ജോലി. ചെടി വിൽപ്പനയുമുണ്ട്.
ഡിണ്ടിഗൽ സ്വദേശികളായ ഇവർ 20 വർഷങ്ങൾക്ക് മുൻപാണ് ജീവിതമാർഗം തേടി ചങ്ങനാശേരിയിലെത്തിയത്. ഇപ്പോൾ തുരുത്തിയിൽ വാടകയ്ക്ക് താമസിക്കുകയാണ്. നാല് മക്കളിൽ രണ്ട് പേർ മരിച്ചു പോയി. മുൻപ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, പെരുന്ന സ്റ്റാൻഡ് എന്നിവിടങ്ങളിലായിരുന്നു കച്ചവടം. മൂന്ന് വർഷമായി കെ.എസ്.ഇ.ബി ഓഫീസിനു സമീപത്താണ്. രാവിലെ തുടങ്ങുന്ന കച്ചവടം വൈകുന്നേരം വരെ തുടരും. ഒരു തൈ പോലും വിറ്റുപോകാത്ത ദിവസങ്ങളുമുണ്ട്. കൊവിഡും ലോക്ക് ഡൗണും വന്നതോടെ, കച്ചവടവും ജീവിതവും പിന്നെയും പ്രതിസന്ധിയിലായി. മുൻപൊക്കെ ആഴ്ചയിൽ 3000 രൂപ വരെ ലഭിച്ചിരുന്നു. ഇപ്പോൾ കിട്ടുന്നത് ആഴ്ചയിൽ 700 രൂപയിൽ താഴെ മാത്രം. വീടുകളിൽ ചെന്ന് ആക്രി സാധനങ്ങൾ പെറുക്കി വിറ്റും ഉപജീവനത്തിനുള്ള പണം കണ്ടെത്തും.
തേക്ക്, കറ്റാർവാഴ, അരളി, ജമന്തി, മുന്തിരി, ചെറുനാരകം, സബർജെല്ലി തുടങ്ങിയവയുടെ തൈകളാണ് വിൽപ്പനയ്ക്കുള്ളത്. 25-30 രൂപയാണ് വില. മധുരയിൽ നിന്നാണ് ട്രെയിൻ മാർഗവും പൂവുമായി എത്തുന്ന വണ്ടിയിലുമായി തൈകൾ എത്തിക്കുക. വിൽപ്പനയില്ലാതെ വന്നാൽ ചെടികൾ ചീഞ്ഞു പോകും. അതും ഈ കച്ചവടത്തിലെ പ്രശ്നമാണ്. വഴിയോര കച്ചവടക്കാരിൽ ഉൾപ്പെടുന്നുണ്ടെങ്കിലും ആ പരിഗണനയോ ആനുകൂല്യങ്ങളോ ഒന്നും തന്നെയില്ല. അന്നന്നത്തെ അന്നതിനായുള്ള വരുമാനമെങ്കിലും ലഭിക്കണമെന്ന പ്രാർത്ഥന മാത്രമേയുള്ളൂ മുത്തുലക്ഷ്മിക്ക്.