joy
ജോയി ആനിത്തോട്ടം

കട്ടപ്പന: കട്ടപ്പന നഗരസഭ ഉപാദ്ധ്യക്ഷനായി ജോയി ആനിത്തോട്ടം (ജോസ് അഗസ്റ്റിൻ) തിരഞ്ഞെടുക്കപ്പെട്ടു. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ പ്രതിപക്ഷ അംഗങ്ങൾ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. എൻ.ഡി.എ അംഗങ്ങൾ പങ്കെടുത്തെങ്കിലും സ്ഥാനാർത്ഥി ഉണ്ടായിരുന്നില്ല. ഇതോടെ ജോയി ആനിത്തോട്ടം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ജോയി വെട്ടിക്കുഴി രാജിവച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. യോഗം ആരംഭിച്ചപ്പോൾ തന്നെ എൽ.ഡി.എഫ് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. തിരഞ്ഞെടുപ്പ് മാത്രമാണ് നഗരസഭയിൽ നടക്കുന്നതെന്നും അഴിമതി മൂടിവയ്ക്കാനാണ് മുൻ ഉപാദ്ധ്യക്ഷൻ രാജിവച്ചതെന്നും ഇവർ ആരോപിച്ചു. എന്നാൽ തിരഞ്ഞെടുപ്പ് നടപടികൾ തടസപ്പെടുത്താൻ എൽ.ഡി.എഫ് ശ്രമിക്കുകയാണെന്ന് കോൺഗ്രസ് അംഗങ്ങൾ തിരിച്ചടിച്ചതോടെ യോഗം ബഹളത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന് അര മണിക്കൂറോളം തിരഞ്ഞെടുപ്പ് നടപടികൾ നിറുത്തിവച്ചു. പിന്നാലെ ഹാജർ രേഖപ്പെടുത്തിയ ശേഷം എൽ.ഡി.എഫ് അംഗങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. തുടർന്ന് എതിർസ്ഥാനാർത്ഥി ഇല്ലാത്തതിനാൽ ജോയി ആനിത്തോട്ടം ഏകപക്ഷീയമായി വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. മൂന്നാർ എൽ.എ ഡെപ്യൂട്ടി കളക്ടർ ഗീതകുമാരി കെ. ആയിരുന്നു വരണാധികാരി. തുടർന്ന് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പുതിയ ഉപാദ്ധ്യക്ഷന് സ്വീകരണം നൽകി. മേയ് 12ന് തീരുമാനിച്ചിരുന്ന തിരഞ്ഞെടുപ്പ് ലോക്ക് ഡൗണിനെ തുടർന്നാണ് ഇന്നലത്തേയ്ക്ക് മാറ്റിയത്. ഏപ്രിൽ എട്ടിനാണ് ജോയി വെട്ടിക്കുഴി രാജിവച്ചത്. നഗരസഭാദ്ധ്യക്ഷ അടക്കം ഭരണസമിതിലെ ചിലരുടെ ഏകപക്ഷീയ നിലപാടുകളെ തുടർന്നാണ് ജോയി വെട്ടിക്കുഴി രാജിവച്ചതെന്ന് എ ഗ്രൂപ്പ് നേതാക്കളും നഗരസഭാദ്ധ്യക്ഷ ജോലികൾ കൃത്യമായി ചെയ്യുന്നുണ്ടെന്നും അത് മറ്റൊരാൾ ചെയ്യാൻ ശ്രമിക്കുന്നത് ഉചിതമല്ലെന്നും ഐ ഗ്രൂപ്പ് നേതാക്കളും തുറന്നടിച്ചിരുന്നു. എന്നാൽ ഒന്നരമാസത്തെ യു.കെ, ഗൾഫ് വിദേശയാത്രയുമായി ബന്ധപ്പെട്ടാണ് രാജിയെന്നായിരുന്നു ജോയി വെട്ടിക്കുഴിയുടെ ഔദ്യോഗിക വിശദീകരണം. അതേസമയം ഇന്നലെ നടന്ന തിരഞ്ഞെടുപ്പിലും അദ്ദേഹം പങ്കെടുത്തിരുന്നു.


'എല്ലാവരെയും ഒത്തൊരുമിപ്പിച്ച് കട്ടപ്പന സമഗ്ര വികസനത്തിന് മുൻഗണന നൽകും'
ജോയി ആനിത്തോട്ടം

കട്ടപ്പനയിൽ ഭരണ സ്തംഭനം: എൽ.ഡി.എഫ്
കെടുകാര്യസ്ഥതയും കോൺഗ്രസിലെ ഗ്രൂപ്പ് പോരും മൂലം നഗരസഭയിൽ ഭരണ സ്തംഭനമാണെന്ന് പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു. കഴിഞ്ഞ മാർച്ചിൽ പിരിച്ചെടുത്ത 5 കോടിയോളം രൂപ കരാറുകാർക്ക് നൽകാനുണ്ട്. ഇതോടെ വികസന പ്രവർത്തനങ്ങൾ നിലച്ചു. കുടിവെള്ള പദ്ധതികൾക്ക് പോലും തുക ചെലവഴിക്കുന്നില്ല. അഴിമതി മൂടിവയ്ക്കാനാണ് മുൻ വൈസ് ചെയർമാൻ രാജിവച്ചത്. നഗരസഭയുടെ സ്ഥാപനങ്ങൾ ലേലം ചെയ്തതുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോടതിയിലുള്ള കേസ് ഒത്തുതീർക്കാൻ ചില അംഗങ്ങൾ ശ്രമിക്കുന്നു. ആഴ്ചതോറും വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് നടത്തുന്ന രീതിയാണിപ്പോൾ. ഇത് നഗരസഭയുടെ വികസനത്തെ പിന്നോട്ടടിക്കുന്നു. പുതിയ ഭരണസമിതി അധികാരത്തിലെത്തി ഏഴ് മാസം കഴിഞ്ഞിട്ടും യാതൊരു നിർമാണ പ്രവർത്തനങ്ങളും നടത്തിയിട്ടില്ലെന്നും എൽ.ഡി.എഫ് അംഗങ്ങളായ ഷാജി കൂത്തോടി, ബെന്നി കുര്യൻ, സിജോമോൻ ജോസ്, സുധർമ മോഹനൻ, ധന്യ അനിൽ, ബിന്ദുലത രാജു എന്നിവർ ആരോപിച്ചു.