ചിറക്കടവ്: നിർമ്മാണം നടക്കുന്ന പൊൻകുന്നം-പുനലൂർ ഹൈവേയിൽ ചിറക്കടവ് പാറക്കടവിൽ ഇടറോഡിലേക്കു ഇറങ്ങുന്നതിനിടെ ഓട്ടോയിൽ പിന്നാലെയെത്തിയ കാറിടിച്ച് 4 പേർക്ക് പരിക്കേറ്റു. കാർ നിർത്താതെ പോയി. ഓട്ടോ ഡ്രൈവർ പാറക്കടവ് വടക്കേമുറിയിൽ വിഷ്ണു കെ.വിജയൻ (34), ഭാര്യ സിന്ധു (27), മക്കളായ തൻവി (നാലര), ജാൻവി (6 മാസം) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിഷ്ണു കുട്ടികളുമായി ആശുപത്രിയിൽ പോയി തിരിച്ചു വീട്ടിലേക്കു വരുമ്പോൾ ബുധനാഴ്ച രാത്രി 10.30നാണ് അപകടം. അമിതവേഗത്തിലെത്തിയ കാർ ഓട്ടോറിക്ഷയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വിഷ്ണു ഓട്ടോയിൽ നിന്നു തെറിച്ചു പോയി. ഓട്ടോ വിഷ്ണുവിന്റെ ദേഹത്തേക്കു മറിഞ്ഞു. ഈ ഭാഗത്ത് ഇടറോഡിലേക്ക് ഇറങ്ങുന്നിടം കട്ടിങ്ങായി നിൽക്കുന്നത് അപകടത്തിനിടയാക്കുമെന്ന് നാട്ടുകാർ നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു. അപകടത്തെ തുടർന്ന് നാട്ടുകാർ പ്രതിഷേധിച്ചപ്പോൾ കരാർ പണിക്കാർ ഇവിടെ മണ്ണിട്ട് നികത്തി താത്ക്കാലിക പരിഹാരമൊരുക്കി.