പാലാ: കൊവിഡാണെന്ന് തെറ്റിധരിപ്പിച്ച് തൊഴിലുറപ്പ് തൊഴിലാളിയായ യുവതിയെ കൊവിഡ് ചികിത്സാകേന്ദ്രത്തിലേക്ക് നിർബന്ധിച്ച് പറഞ്ഞയച്ച സംഭവത്തിൽ കൊഴുവനാൽ പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. ദിവ്യ ജോർജിൽ നിന്നും വിശദീകരണം തേടാൻ കൊഴുവനാൽ പഞ്ചായത്ത്. തിങ്കളാഴ്ച ചേരുന്ന പഞ്ചായത്ത് കമ്മിറ്റിയിൽ 12.30ന് ഹാജരാകണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർ, ഡോ. ദിവ്യ ജോർജിന് ഇന്നലെ നോട്ടീസ് നൽകി. നേരത്തേ രണ്ടു തവണ ഇക്കാര്യത്തിൽ വിശദീകരണം തേടാനായി ഡോ.ദിവ്യ ജോർജിനെ വിളിപ്പിച്ചിരുന്നെങ്കിലും മറ്റു ചില കാരണങ്ങൾ പറഞ്ഞ് ഇവർ ഒഴിവാകുകയായിരുന്നൂവെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. ഈ സാഹചര്യത്തിലാണ് ഇന്നലെ പ്രത്യേകം നോട്ടീസ് നൽകിയത്.
സംഭവത്തിൽ ആരോപണ വിധേയയായ ആശാ പ്രവർത്തക സോണിയ ജി, തൊഴിലുറപ്പ് ഓവർ സീയർ ജിൻസി എന്നിവരിൽ നിന്നും പഞ്ചായത്ത് അധികൃതർ മൊഴിയെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികളുമുണ്ടായേക്കും. ഗുരുതരമായ കൃത്യവിലോപം കാട്ടിയതിനാൽ കടുത്ത ശിക്ഷണ നടപടികളാണ് വേണ്ടതെന്ന് പഞ്ചായത്തംഗങ്ങൾ പറയുന്നു. പൊതുജനങ്ങൾക്കായി കൊവിഡ് പരിശോധനാ ക്യാമ്പുകൾ നടത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൊഴുവനാൽ പി. എച്ച്.സി അധികാരികൾ കടുത്ത അലംഭാവം കാട്ടിയെന്നും ആരോപണമുണ്ട്. കൊവിഡ് പരിശോധനാ ഫലം പോലും വരും മുമ്പേ രോഗമുണ്ടെന്ന് അറിയിച്ച് നിർബന്ധപൂർവ്വം കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് പറഞ്ഞയച്ചെന്ന് കാട്ടി കൊഴുവനാൽ തോടനാൽ സ്വദേശിനിയായ തൊഴിലുറപ്പ് തൊഴിലാളിയാണ് പരാതിയുമായി രംഗത്തുവന്നത്. അന്വേഷണത്തിൽ ഇത് ശരിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ശക്തമായ നടപടികളുമായി പഞ്ചായത്ത് അധികാരികൾ മുന്നോട്ടുപോകുന്നത്.