ചെറുവള്ളി: നിർമ്മാണം നടക്കുന്ന പൊൻകുന്നം-പുനലൂർ ഹൈവേയിൽ ചെറുവള്ളി പള്ളിപ്പടിയിൽ കലുങ്കിൽ നിന്ന് പിക്കപ്പ് വാൻ തോട്ടിലേക്ക് മറിഞ്ഞു. റോഡിൽ നിന്ന് തെന്നിനീങ്ങിയ വാഹനം കലുങ്കിൽ തട്ടിയാണ് തോട്ടിലേക്ക് വീണത്. വാഹനത്തിലുണ്ടായിരുന്ന ഇളങ്ങുളം പുൽപ്പാറയിൽ സുരേഷ് (25), രാമപുരം കാഞ്ഞിരക്കുഴയ്ക്കൽ ജോബിൻ(27) എന്നിവർക്ക് സാരമായി പരിക്കേറ്റു. പാലായിൽ നിന്ന് ബേക്കറി സാധനങ്ങളുടെ വിതരണത്തിനെത്തിയ വാനാണ് മറിഞ്ഞത്. പരിസരവാസികളാണ് ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചത്. ഇവരിലൊരാളുടെ കൈയ്ക്ക് സാരമായി മുറിവുള്ളതായി ഇവർ പറഞ്ഞു. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. റോഡിന്റെ നിർമ്മാണത്തിലെ അപാകതയാണ് ഇവിടെ നിരന്തരം അപകടങ്ങൾക്കിടയാക്കുന്നതെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു. കഴിഞ്ഞ ദിവസം ഇതേ കലുങ്കിൽ മറ്റൊരു വാഹനം ഇടിച്ചുതകർന്നിരുന്നു. കലുങ്കിന്റെ ഭിത്തി റോഡിലേക്ക് ഇറങ്ങി നിൽക്കുന്നത് അപകടകാരണമാകുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.