കോട്ടയം: എൻ.സി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഉഴവൂർ വിജയൻ അനുസ്മരണവും പഠനോപകരണ അവാർഡ് വിതരണവും ഇന്ന് വൈകിട്ട് നാലിന് പ്രസ്‌ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാവിലെ ഒൻപതിന് ഉഴവൂർ വിജയന്റെ ഭവനത്തോടു ചേർന്ന സ്മാരക മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. വൈകിട്ട് നാലിന് പ്രസ്‌ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നാൽപ്പത് പേർ മാത്രമാണ് പങ്കെടുക്കുന്നത്. അനുസ്മരണ സമ്മേളനവും അവാർഡ് ദാനവും എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എസ്.ഡി സരേഷ് ബാബു യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. ദൃശ്യമാധ്യമ രംഗത്തെ സമഗ്രസംഭാവനയ്ക്കായി ഏർപ്പെടുത്തിയ ഉഴവൂർ വിജയൻ സ്മാരക പുരസ്‌കാരം 21 ഫ്‌ളവേഴ്‌സ് ചാനൽ എം.ഡി ശ്രീകണ്ഠൻ നായർക്ക് മന്ത്രി വി.എൻ വാസവൻ വിതരണം ചെയ്യും. കാൽലക്ഷം രൂപ ക്യാഷ് അവാർഡും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. വിദ്യാർത്ഥികൾക്ക് ടാബ് തോമസ് കെ.തോമസ് എം.എൽ.എ വിതരണം ചെയ്യും. എൻ.സി.പി സംസ്ഥാന ഭാരവാഹികളായ കെ.ആർ രാജൻ, ലതികാ സുഭാഷ്, സുഭാഷ് പുഞ്ചക്കോട്ടിൽ, ടി.വി ബേബി എന്നിവർ പ്രസംഗിക്കും.