കുമരകം : കോട്ടയം -കുമരകം റോഡരികിലെ പാടശേഖരങ്ങളിലും, അയ്മനം പഞ്ചായത്തിലെ പതിനാറാം വാർഡിലും മാലിന്യങ്ങൾ തള്ളുന്നത് പതിവായി. കുമരകം റോഡിൽ കവണാറ്റിൻകര മുതൽ ചെങ്ങളം മൂന്നുമൂലവരെയുള്ള റോഡിനിരുവശവുമാണ് മാലിന്യനിക്ഷേപം തകൃതിയായി നടക്കുന്നത്. അയ്മനം പഞ്ചായത്തിലെ ഏനാദിഭാഗത്താണ് രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നത്. കക്കൂസ് മാലിന്യങ്ങൾ ടാങ്കർ ലോറികളിൽ എത്തിച്ചും, അറവുശാല മാലിന്യങ്ങൾ പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ചുമാണ് തള്ളുന്നത്. കോണത്താറ്റു പാലം മുതൽ മൂന്നുമൂല വരെയുള്ള ഭാഗങ്ങളിൽ റോഡിന് ഇരുവശവുമുള്ള പാടശേഖരങ്ങൾ കുപ്പത്തൊട്ടിയായി. വർഷങ്ങളായി തരിശായി കിടന്ന പാടങ്ങളാണിവ. കുമരകം റോഡിലൂടെ രാപ്പകൽ ടാങ്കർ ലോറികളിൽ കക്കൂസ് മാലിന്യവുമായി സഞ്ചരിക്കുന്നുണ്ട്. റിസോർട്ടുകളിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാൻ കരാർ എടുത്തിട്ടുള്ളവരാണ് ഇതിന് പിന്നിൽ.
സാംക്രമിക രോഗഭീതിയിൽ
മഴക്കാലമായതിനാൽ മാലിന്യങ്ങൾ പാടശേഖരങ്ങളിലേക്ക് ഒഴുകി പടർന്ന് ദുർഗന്ധം വമിക്കുകയാണ്. ഏനാദി ഭാഗത്തു നിന്ന് പലതവണ വാർഡ് മെമ്പറും, ഹരിത കർമ്മസേനാഗംങ്ങളും പ്രദേശവാസികളും ചേർന്ന് മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നു. എന്നിട്ടും വീണ്ടും മാലിന്യനിക്ഷേപത്തിന് ഒരുകുറവുമില്ല. പ്രവർത്തനരഹിതമായ സി.സി.ടി.വി കാമറകൾ മാറ്റി പുതിയവ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്തിലും പൊലീസിലും പരാതി നൽകിയതായി വാർഡ് മെമ്പർ അനു ശിവപ്രസാദും അറിയിച്ചു.