anakkaramettu
അണക്കരമെട്ടിൽ കാട്ടാന ഇറങ്ങിയ പുരയിടത്തിൽ റവന്യുവനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു.

കട്ടപ്പന: പുഷ്പകണ്ടം അണക്കരമെട്ടിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം രണ്ട് ഏക്കർ സ്ഥലത്തെ കൃഷി നശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയിൽ എത്തിയ കാട്ടാനകൾ തെറ്റാലിക്കൽ ജയ്‌മോൻ ജേക്കബ്, കുന്നേൽ ജോസുകുട്ടി, സന്തോഷ് എന്നിവരുടെ പുരയിടങ്ങളാണ് നാമാവശേഷമാക്കിയത്. ഏലം, വാഴ തുടങ്ങിയ കൃഷികളെല്ലാം പൂർണമായും നശിപ്പിച്ചു. കേരള തമിഴ്‌നാട് അതിർത്തിയായ അണക്കരമെട്ടിൽ തമിഴ്‌നാട് നിർമിച്ച വാച്ച് ടവറിനോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളിലാണ് കാട്ടാനകളുടെ ആക്രമണം.
തമിഴ്‌നാട് വനമേഖലയിൽ നിന്നാണ് ഇവറ്റകൾ എത്തിയത്. പുലർച്ചെയോടെ കാട്ടാനകൾ തിരികെ മടങ്ങിയെങ്കിലും നാട്ടുകാർ ഭീതിയിലാണ്. അതിർത്തി മേഖലകളിൽ വനപാലകർ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. സ്ഥലത്ത് വനപാലകരും റവന്യു ഉദ്യോഗസ്ഥരും പരിശോധന നടത്തി. പാറത്തോട് വില്ലേജ് ഓഫീസർ ടി.എ. പ്രദീപ്, വനം വകുപ്പ് ഉദ്യോഗസ്ഥരായ എസ്.എൽ. പ്രകാശ് കുമാർ, കെ.ജി.മുരളി, പി.ആർ. സുധീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കൃഷിയിടങ്ങൾ സന്ദർശിച്ചു. നാശനഷ്ടം സംബന്ധിച്ച് ഉടുമ്പൻചോല തഹസിൽദാർക്ക് റിപ്പോർട്ട് നൽകും. പ്രദേശത്ത് അടിയന്തരമായി വഴിവിളക്കുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആവശ്യമുന്നയിച്ച് കെ.എസ്.ഇ.ബി, പൊതുമരാമത്ത് വകുപ്പുകൾക്ക് നാട്ടുകാർ നിവേദനം നൽകും.