പാലാ : കൊവിഡാണെന്ന് തെറ്റിദ്ധരിപ്പിച്ച് തൊഴിലുറപ്പ് തൊഴിലാളിയെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് നിർബന്ധിച്ച് പറഞ്ഞയച്ച സംഭവത്തിന് പിന്നിൽ കൊഴുവനാൽ പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.ദിവ്യ ജോർജിനും പങ്കെന്ന് സൂചന. ഡോ. ദിവ്യ വാട്‌സ് ആപ്പിൽ കൊവിഡ് രോഗിയുടെ പേരും വിശദാംശങ്ങളും നൽകിയതിനെ തുടർന്നാണ് കൊഴുവനാലിലെ ഡി.സി.സിയിൽ യുവതിയെ പ്രവേശിപ്പിച്ചതെന്ന് ചുമതലയുണ്ടായിരുന്ന നഴ്‌സ് ജോസ്മി പറഞ്ഞു. ഇത് സംബന്ധിച്ച തെളിവുകളും പഞ്ചായത്ത് ഭരണസമിതിയെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്.
സംഭവം വാർത്തയായതോടെ ഡി.സി.സിയിലുണ്ടായിരുന്ന രജിസ്റ്ററിലെ രേഖകൾ തിരുത്തിയതും വിവാദമായി.
അഡ്മിഷൻ രജിസ്റ്റർ പ്രകാരം 17 എ മുറിയാണ് യുവതിക്ക് അനുവദിച്ചിരുന്നത്. ഇത് ഇന്നലെ രജിസ്റ്ററിൽ നിന്ന് വെട്ടി നീക്കുകയായിരുന്നു. കൊവിഡ് ചികിത്സാ കേന്ദ്രത്തിലെ രേഖകൾ തിരുത്തിയ സംഭവത്തെക്കുറിച്ചും കൊഴുവനാൽ പഞ്ചായത്ത് അധികാരികൾ അന്വേഷണം നടത്തി വരികയാണ്. രേഖകൾ തിരുത്തിയതും ഗൗരവമേറിയ കുറ്റകൃത്യമായി കണക്കാക്കുമെന്നും പഞ്ചായത്തധികാരികൾ പറയുന്നു. മെഡിക്കൽ ഓഫീസറിൽ നിന്ന് വിശദീകരണവും തേടും.