akshaya

കോട്ടയം: സി, ഡി കാറ്റഗറികളിൽ ഉൾപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലകളിലെ അക്ഷയ കേന്ദ്രങ്ങൾക്ക് ആഗസ്റ്റ് 15 വരെ കളക്ടർ പ്രവർത്തനാനുമതി നൽകി. തിങ്കൾ മുതൽ വെള്ളിവരെ രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറു വരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ചാണ് പ്രവർത്തിക്കേണ്ടത്. എസ്.എസ്.എൽ.സി റീവാല്യുവേഷനും നീറ്റ് പരീക്ഷയ്ക്കും വിവിധ കോഴ്‌സുകൾക്കുമുള്ള അപേക്ഷകൾ സമർപ്പിക്കേണ്ട സാഹചര്യവും എ, ബി കാറ്റഗറികളിലെ അക്ഷയ കേന്ദ്രങ്ങളിൽ തിരക്ക് അനുഭപ്പെടുന്നതും കണക്കിലെടുത്താണ് തീരുമാനം. ശാരീരിക അകലം ഉൾപ്പെടെയുള്ള കൊവിഡ് പ്രതിരോധ മുൻകരുതലുകൾ പാലിച്ച് ഒരു സമയം പ്രവേശനം അനുവദിക്കാൻ കഴിയുന്ന ആളുകളുടെ എണ്ണം സ്ഥാപനത്തിന് പുറത്ത് പ്രദർശിപ്പിക്കണം. നൂറു ചതുരശ്ര അടിക്ക് നാലു പേർ എന്ന കണക്കിലാണ് ഇത് നിശ്ചയിക്കേണ്ടത്. അധികമായി ആളുകൾ എത്തുന്ന പക്ഷം അകത്തുള്ളവർ പുറത്തു പോകുന്ന മുറയ്ക്കു മാത്രമേ പ്രവേശിപ്പിക്കാൻ പാടുള്ളൂ. നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കാത്തവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമം അനുസരിച്ച് കേസെടുക്കും.