കോട്ടയം: എൻ.സി.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉഴവൂർ വിജയൻ അനുസ്മരണവും അവാർഡ് വിതരണവും നടത്തി. സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു . ജീവിതത്തെ നർമത്തോടെ നോക്കിക്കണ്ട വിജയൻ മറ്റുള്ളവരെ ചിരിപ്പിക്കുക മാത്രമല്ല ചിന്തിപ്പിക്കുകയും ചെയ്തുവെന്ന് ചാക്കോ അനുസ്മരിച്ചു. രാഷ്ട്രപതി കെ.ആർ.നാരായണന് മകനെപ്പോലെയായിരുന്നു വിജയൻ .ഒരു അപകടത്തിൽ പരിക്കേറ്റ് വിജയൻ ആശുപത്രിയിലായത് ഒരാഴ്ച വൈകി താൻ പറഞ്ഞപ്പോഴാണ് അദ്ദേഹം അറിഞ്ഞത്. ഉടൻ കോട്ടയം കളക്ടറെ വിളിച്ച് വിജയന്റെ അപകട വിവരം തിരക്കിയ കെ.ആർ.നാരായണൻ താൻ അറിയാൻ വൈകിയകാര്യം വിജയനെ ആശുപത്രിയിലെത്തി ധരിപ്പിക്കണമെന്നും ഓർമിപ്പിച്ചു. ഇനി അപകടമുണ്ടാകുമ്പോൾ രാഷ്ട്രപതിയെ നേരത്തേ അറിയിക്കാമെന്നായിരുന്നു ആശുപത്രികിടക്കയിൽ വച്ച് വിജയൻ മറുപടിയായി കളക്ടറോട് പറഞ്ഞതെന്ന് ചാക്കോ അനുസ്മരിച്ചു.
മികച്ച ദൃശ്യമാദ്ധ്യമ പ്രവർത്തകനുള്ള ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം ഫ്ലവേഴ്സ് ചാനൽ ചീഫ് എഡിറ്റർ ശ്രീകണ്ഠൻ നായർക്ക് പി.സി. ചാക്കോ സമ്മാനിച്ചു. കാൽലക്ഷം രൂപയുടെ കാഷ് അവാർഡ് ശ്രീകണ്ഠൻ നായർ ഉഴവൂർ വിജയന്റെ വിദ്യാർത്ഥിനിയായ മകൾ വർഷയ്ക്ക് നൽകി. എൻ.സി.പി ജില്ലാ പ്രസിഡന്റ് എസ്.ഡി.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു . ലതികാ സുഭാഷ്, കെ.ആർ.രാജൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി . സുഭാഷ് പുഞ്ചക്കോട്ടിൽ സ്വാഗതവും ടി.വി.ബേബി നന്ദിയും പറഞ്ഞു.
രാവിലെ ഉഴവൂർ വിജയന്റെ കുറിച്ചിത്താനത്തെ വീടിനോട് ചേർന്നുള്ള സ്മാരക മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു .പ്രമുഖ നേതാക്കളും നിരവധി പ്രവർത്തകരും സംബന്ധിച്ചു .