മൂന്നാർ: രണ്ട് ദിവസമായി പെയ്യുന്ന കനത്തമഴയിൽ മൂന്നാറിൽ രണ്ടീടത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കൊച്ചി -ധനുഷ്‌കോടി ദേശിയ പാതയിൽ ഗവൺമെന്റ് കോളേജിന്റെ മുന്നിലും മറയൂർ റോഡിൽ എട്ടാം മൈലിലുമാണ് മണ്ണിടിഞ്ഞത്. മണ്ണിടിച്ചിൽ പതിവായ ഗവൺമെന്റ് കോളേജ് കാമ്പസിന്റെ പരിധിയിലാണ് വ്യാഴാഴ്ച രാത്രി വീണ്ടും മണ്ണ് ഇടിഞ്ഞത്. കോളേജിന്റെ പഴയ ലൈബ്രറി കെട്ടിടത്തിന്റെ അസാഥിവാരം തകരുന്ന നിലയിലാണ് ഇപ്പോഴത്തെ മണ്ണിടിച്ചിൽ. റോഡിനോട് ചേർന്നുള്ള വലിയ തിട്ട അപ്പാടെ ഇടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. വൻ മരങ്ങളും പാറകല്ലുകളും ചേർന്ന് താഴേക്ക് പതിച്ചതോടെ റോഡ് മണ്ണിൽ മൂടി. ചെറുവാഹനങ്ങൾക്ക് പോലും സഞ്ചരിക്കാൻ കഴിയാത്തവിധം റോഡിൽ മണ്ണ് നിറഞ്ഞു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം ഇന്നലെ രാവിലെ മുതൽ അധികൃതർ നിരോധിച്ചു. ഉച്ചയോടെ മണ്ണ് നീക്കാൻ തുടങ്ങിയെങ്കിലും വാഹനങ്ങൾ കടത്തിവിടുന്നത് അപകടമാണെന്ന നിലപാടിലാണ് റവന്യൂ പൊലീസ് അധികൃതർ. അന്തർസംസ്ഥാന പാതയായ ഉഡുമൽപേട്ട റോഡിൽ എട്ടാം മൈൽ ഭാഗത്താണ് രണ്ടാമത് മണ്ണിടിഞ്ഞത്. റോഡിലേക്ക് കല്ലും ചെളിയും നിറഞ്ഞൊഴുകിയതോടെ ഇതുവഴിയുള്ള ഗതാഗതം നിലച്ചു.ഉച്ചകഴിഞ്ഞ് മണ്ണ് ഭാഗികമായി നീക്കിയ ശേഷം വാഹനങ്ങൾ കടത്തിവിടുന്നുണ്ട്.