കോട്ടയം: സർക്കാർ നിയന്ത്രണത്തിലുള്ള മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ (എംപിഐ) യിൽ മീറ്റിന് പൊള്ളുന്ന വില. വിപണിയിൽ ഉള്ളതിനെക്കാൾ കൂടുതൽ വിലയാണ് മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ വിൽക്കുന്നത്. പോത്ത്, കോഴി, താറാവ് തുടങ്ങിയ ഇറച്ചികൾക്ക് വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ എംപിഐ വഴി കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങൾ ലഭിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ടെങ്കിലും നടപ്പിലാകുന്നില്ല.
വിപണിയിൽ പോത്തിറച്ചി 340, കോഴി 220, മട്ടൻ 700, താറാവ് 200 മുതൽ 220 രൂപയാണ് വില. മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യയിൽ പോത്തിറച്ചി 480, കോഴി 340, മട്ടൻ 870, താറാവ് 400 എന്നിങ്ങനെയാണ് വില. എംപിഐ വഴി ഇത്തരത്തിൽ എല്ലാ സാധനങ്ങൾക്കും വലിയ തോതിൽ വില ഈടാക്കുകയാണ്. കൂടാതെ കർഷകർക്ക് തങ്ങളുടെ ഉത്പന്നം എംപിഐയിൽ വിൽക്കാൻ സാധിക്കുന്നുമില്ല.
30 വർഷങ്ങൾക്ക് മുൻപ് കൂത്താട്ടുകുളത്ത് ആരംഭിച്ച എം പി ഐ ആദ്യഘട്ടങ്ങളിൽ കർഷകരിൽനിന്നാണ് പോത്ത്, കോഴി, താറാവ് തുടങ്ങിയവയെ എടുത്തുകൊണ്ടിരുന്നത്. ഇവിടെ എല്ലായിനം ഫാമുകളും അവയുടെ പരിപാലനവും ഉണ്ടായിരുന്നു. ഇപ്പോൾ, കരാർ അടിസ്ഥാനത്തിൽ തമിഴ്‌നാട്ടിൽ നിന്നും ഫ്രീസ് ചെയ്ത മാംസം ഇറക്കുമതി ചെയ്യുകയാണ്. അതിനാൽ, സാധാരണ കർഷകർക്ക് മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ വഴി യാതൊരു പ്രയോജനവും കിട്ടുന്നില്ല. വിപണിയിൽ വില വർധിക്കുമ്പോൾ സർക്കാർ ഇടപെടേണ്ടത് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ വഴിയാണ്. ജില്ലയിൽ ബേക്കർ ജംഗ്ഷനിലായിരുന്നു ആദ്യത്തെ എം പി ഐ സ്ഥാപിച്ചത്. പിന്നീട്, കോടിമത മൃഗാശുപത്രിക്ക് സമീപത്തേയ്ക്ക് മാറ്റിയെങ്കിലും പ്രവർത്തനം പേരിൽ മാത്രമാലുതും ഔട്ട്ലെറ്റുകൾ സ്ഥാപിച്ചിട്ടുമില്ല. സ്വകാര്യ മീറ്റ് വിപണിയെ സഹായിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
മീറ്റ് ഉത്പന്നങ്ങളുടെ വില പ്രതിദിനം വലിയ തോതിൽ വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ നിയന്ത്രണത്തിൽ ഉള്ള ഈ സ്ഥാപനത്തിൽ കുറഞ്ഞ വിലയ്ക്ക് ലഭ്യമായാൽ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാകും. കൂടാതെ, മത്സ്യഫെഡിന്റെ ഫിഷ് മാർട്ട് സംവിധാനം പോലെ എം പി ഐ മീറ്റ് ഔട്ടലെറ്റ് സ്ഥാപിക്കണം. എം പി ഐ ഇടനിലക്കാരെ ഒഴിവാക്കി കർഷകരിൽനിന്ന് ഗുണനിലവാരമുള്ള പോത്ത്, കോഴി ഉത്പന്നങ്ങൾ വാങ്ങാൻ തയ്യാറാകണമെന്നും കുറഞ്ഞ വിലയക്ക് ഉൽപന്നങ്ങൾ ലഭിക്കാൻ നപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗം എബി ഐപ്പ് മൃഗസംരക്ഷണ വകുപ്പ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചു.