വൈക്കം: കെ.എസ്.ഇ.ബി അറ്റകുറ്റപണിക്കിടെ കുടിവെള്ള വിതരണ കുഴലുകൾ പൊട്ടിക്കുന്നത് പതിവാകുന്നതായി വ്യാപക പരാതി. ഇതുമൂലം ദിവസങ്ങളോളം കുടിവെള്ള വിതരണം മുടങ്ങുന്നുണ്ട്. കൂടാതെ മലിനജലം ജലവിതരണക്കുഴലുകളിലേക്ക് കയറി ജലജന്യ രോഗങ്ങൾ പടരാനും സാധ്യതയുണ്ട്. കെ.എസ്.ഇ.ബി കേബിൾ ജോലികൾ ചെയ്യുന്നവരാണ് ഇത്തരത്തിൽ അശ്രദ്ധമായി കുടിവെള്ള ലൈനുകൾ നശിപ്പിക്കുന്നത്. ലൈൻ പൊട്ടിച്ചശേഷം ജല അതോറിറ്റി അധികൃതരെ അറിയിക്കാതെ ഇലക്ട്രിക്ക് പോസ്റ്റ് സ്ഥാപിച്ച് പോവുകയാണ് ചെയ്യുക. വൈക്കം നഗരപരിധിയിൽ ഇത്തരത്തിൽ നിരവധി സ്ഥലങ്ങളിലാണ് കഴിഞ്ഞ ആറുമാസത്തിനിടെ കുടിവെള്ള ലൈനുകൾ തകർത്തത്. കഴിഞ്ഞദിവസം കൊച്ചു കവല വൈപ്പിൻപടി റോഡിൽ കൊച്ചു കവലയ്ക്ക് സമീപം ജലവിതരണക്കുഴൽ പൊട്ടിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കെ.എസ്.ഇ.ബിയുടെ ഉത്തരവാദിത്വമില്ലായ്മക്കെതിരെ വകുപ്പ് മന്ത്രിമാർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ.