വൈക്കം: വൈക്കത്തു നിന്നും ഗുരുവായൂർക്ക് സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് എറണകുളം ഡിപ്പോയിലേക്ക് കൊണ്ടുപോയതിൽ ഹിന്ദു ഐക്യവേദ്യ വൈക്കം ടൗൺ കമ്മറ്റി പ്രതിഷേധിച്ചു. തിരുവനന്തപുരം, മദ്രാസ് , പാലക്കാട്, ചിറ്റൂർ, തുടങ്ങിയ ഒട്ടേറെ ദീർഘദൂര സർവീസുകളും കോട്ടയം,എറണാകുളം, തൊടുപുഴ,ആലപ്പുഴ, വൈക്കം പാലാ എന്നീ ചെയിൻ സർവീസുകൾ നിർത്തലാക്കിയിട്ടും എം.എൽ.എ പ്രതികരിച്ചില്ലെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു. ടൗൺ പ്രസിഡന്റ് ഗോപകുമാർ, ജനറൽ സെക്രട്ടറി എ.എച്ച് സനീഷ്, വൈസ് പ്രസിഡന്റ് രവീന്ദ്രൻ, സെക്രട്ടറി വിജേഷ് തമ്പി എന്നിവർ പ്രസംഗിച്ചു. വൈക്കം ഡിപ്പോയെ ഇല്ലാതാക്കുവാനുമുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബി.ജെ.പി വൈക്കം നഗരസഭ പാർലിമെന്ററി പാർട്ടി യോഗം ആരോപിച്ചു. കൗൺസിലർമാരായ ഒ.മോഹനകുമാരി എം.കെ മഹേഷ്, കെ ബി ഗിരിജകുമാരി, ലേഖ അശോകൻ എന്നിവർ പങ്കെടുത്തു. വൈക്കം മഹാദേവ ക്ഷേത്രത്തെയും ഗുരുവായൂർ ക്ഷേത്രത്തേയും ബന്ധിപ്പിച്ച് സർവീസ് നടത്തുന്ന വൈക്കം ഗുരുവായൂർ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് കൊണ്ടുപോകാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഉദയനാപുരം ക്ഷേത്ര ഉപദേശകസമിതി ആവശ്യപ്പെട്ടു.