മുണ്ടക്കയം: ദിവസങ്ങളായി പെയ്യുന്ന മഴയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് മലയോരമേഖല. മഴയ്‌ക്കൊപ്പം എത്തുന്ന കാറ്റ് മേഖലയിൽ വൻ നാശമാണ് ഉണ്ടാക്കുന്നത്. വ്യാഴ്ച്ച പുലർച്ചെ തുടങ്ങിയ മഴ ശനിയാഴ്ച രാത്രിയിലും തുടരുകയാണ്. തുടർച്ചയായി മഴ പെയ്യാൻ തുടങ്ങിയയോടെ മലയോര മേഖല മണ്ണിടിച്ചിൽ ഭീഷണിയിലായി. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും രൂക്ഷമാണ്. പ്രധാന പാതകളിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസത്തെ കാറ്റിൽ മുണ്ടക്കയം, കോരുത്തോട് മേഖലയിൽ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
സ്ഥിതി ഗുരുതരമാകും
പല സ്ഥലങ്ങളിലും ഉരുൾപൊട്ടലിനുൾപ്പെടെ സാധ്യത നിലനിൽക്കുന്നുണ്ട്. വരും ദിവസങ്ങളിലും മഴ തുടർന്നാൽ മലയോരമേഖലയിൽ സ്ഥിതി ഗുരുതരമാക്കും. ഈ സാഹചര്യത്തിൽ ജില്ലാ ഭരണകൂടവും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്.