സമ്പൂർണ്ണ ശുദ്ധജല പദ്ധതിയുമായി മുണ്ടക്കയം ,കോരുത്തോട് പഞ്ചായത്തുകൾ
മുണ്ടക്കയം: മുണ്ടക്കയം,കോരുത്തോട് പഞ്ചായത്തുകൾക്കായി സമ്പൂർണ ശുദ്ധജലപദ്ധതി ഒരുങ്ങുന്നു. വിവിധ പ്രദേശങ്ങളിൽ കേന്ദ്രീകരിച്ചുള്ള കുടിവെള്ള പദ്ധതികൾ വഴിയാണ് മുണ്ടക്കയം, കോരുത്തോട് പഞ്ചായത്തുകളിലെ ജനങ്ങൾക്ക് നിലവിൽ കുടിവെള്ളം ലഭിക്കുന്നത്. വേനൽ കാലത്ത് ചെറുകിട കുടിവെള്ള പദ്ധതികളിൽ ഏറിയ പങ്കും നിലയ്ക്കും. ഇതിന് പരിഹാരമായാണ് ജലജീവൻ പദ്ധതി വഴി മുണ്ടക്കയം, കോരുത്തോട് പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കുന്നതായി പദ്ധതി ഒരുക്കുന്നത്. മുണ്ടക്കയം മണിമലയാറിലെ മൂരിക്കയത്തായാണ് പദ്ധതിയുടെ ജല സ്രോതസിനായി നിശ്ചയിച്ചിരുന്നത്. ഇവിടെ നിന്നും പമ്പ് ചെയ്യുന്ന ജലം അമരാവതിയിൽ നിർമ്മിക്കുന്ന ട്രീറ്റ്‌മെന്റ് പ്ലാറ്റിൽ എത്തിക്കും. ഇളംബ്രാമല, 504 സിയോൺ കുന്ന്, പറത്താനം തുടങ്ങിയ മേഖലകളിൽ ഓവർ ഹെഡ് ടാങ്കുകൾ സ്ഥാപിക്കും. ഇവിടെ നിന്നും ജലവിതരണം നടത്തുന്ന രീതിയാണ് ആവിഷ്‌കരിക്കുക.
പദ്ധതിയുടെ പ്രാരംഭ നടപടികളുടെ ഭാഗമായി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളെയും ജലവിതരണ വകുപ്പ് ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് യോഗം ചേർന്നു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് അദ്ധ്യക്ഷത വഹിച്ചു.
ചെലവ് 15 കോടി
പദ്ധതിയ്ക്ക് 15 കോടി മുകളിൽ ചിലവ് വരുമെന്നാണ് പ്രാരംഭ കണക്ക്. പദ്ധതിയുടെ ചിലവ് കുറയ്ക്കുന്നതിനും, ജലലഭ്യത കണക്കിലെടുത്തുമാണ് മുണ്ടക്കയം,കോരുത്തോട് പഞ്ചായത്തുകളെ ഏകോപിപ്പിച്ച് പദ്ധതി നടപ്പാക്കുന്നത്. ട്രീറ്റ്മെന്റ് പ്ലാന്റിന് തന്നെ ഒരേക്കർ സ്ഥലം വേണം. പദ്ധതിയ്ക്കാവശ്യമായ സ്ഥലം ലഭ്യമാകേണ്ടത് പഞ്ചായത്തിന്റെ ചുമതലയാണ്. പദ്ധതിക്കായി 150 കിലോമീറ്ററോളം പൈപ്പുകൾ തന്നെ സ്ഥാപിക്കേണ്ടിവരും.