ലൈസൻസിനായി കാത്തിരിക്കുന്നത് 523 പേർ
കോട്ടയം : കൊവിഡ് ലോക്ക് ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വീടുകളിൽ ഭക്ഷണ നിർമ്മാണ യൂണിറ്റ് തുടങ്ങിന്നവരുടെ എണ്ണം വർദ്ധിക്കുന്നു. ചെറുകിട പലഹാര നിർമ്മാണ യൂണിറ്റ് മുതൽ ഓൺലൈൻ ഭക്ഷണ വിതരണ യൂണിറ്റുകൾ വരെയാണ് ആരംഭിച്ചിരിക്കുന്നത്. ജില്ലയിൽ 523 പേരാണ് ഭക്ഷ്യസുരക്ഷാവകുപ്പിൽ അപേക്ഷ നൽകിയിരിക്കുന്നത്. വീട്ടമ്മമാരാണ് പ്രധാനമായും ഇത്തരത്തിൽ ഓൺലൈനിൽ ഭക്ഷ്യവിഭവങ്ങൾ, ഉണ്ടാക്കുന്നതും വിതരണം ചെയ്യുന്നതും. ജില്ലയിൽ ഏറ്റവും കൂടുതൽ ലൈസൻസുകൾ ഇത്തരത്തിൽ എടുത്തിരിക്കുന്നത് പാലാ, കാഞ്ഞിരപ്പള്ളി മേഖലകളിൽ നിന്നാണ്.
ലൈസൻസ് ഫീസ് 300
300 രൂപ അടച്ചാൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ലൈസൻസ് ലഭിക്കും. ഉണ്ണിയപ്പം നിർമ്മാണ യൂണിറ്റ് മുതൽ ചെറുകിട പലഹാര നിർമ്മാണ യൂണിറ്റുകൾ വരെ പലരും ആരംഭിച്ചിട്ടുണ്ട്. ലൈസൻസ് നേടിയ ശേഷം ഫോണിൽ ഓർഡർ എടുത്ത് വീടുകളിൽ എത്തിച്ചു നൽകുകയാണ് ചെയ്യുന്നത്. ഗ്രാമീണ മേഖലകളിൽ ഇത്തരം ചെറുകിട സംരംഭങ്ങൾക്ക് വൻ ഡിമാന്റാണ്. വീടുകളിൽ തന്നെ നിർമ്മിക്കുന്ന പലഹാരങ്ങളായതിനാലാണ് ആവശ്യക്കാരേറെ.
ഓൺലൈൻ മാർക്കറ്റിംഗ്
കേക്ക് നിർമ്മാണ യൂണിറ്റുകളാണ് പ്രധാനമായും ഓൺലൈൻ വഴി കൊവിഡ് കാലത്ത് സജീവമായത്. ഫേയ്‌സ്ബുക്കും വാട്‌സ് ആപ്പുമാണ് ലോക്ക് ഡൗണിൽ ഇവരുടെ മാർക്കറ്റിംഗ് കേന്ദ്രങ്ങൾ.