കട്ടപ്പന: കനത്തമഴയിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞുപോയതോടെ വീട് അപകടാവസ്ഥയിലായി. ഇരട്ടയാർ നാങ്കുതൊട്ടി കുരിശുമല മണ്ണോക്കുളത്ത് മോനച്ചന്റെ വീടിന്റെ 15 അടിയോളം ഉയരമുള്ള സംരക്ഷണ ഭിത്തിയുടെ പകുതിയും വെള്ളിയാഴ്ച രാത്രി നിലംപൊത്തി. ഏതാനും വർഷങ്ങൾക്ക് മുമ്പ് 4 ലക്ഷം രൂപ ബാങ്ക് വായ്പയെടുത്താണ് 70 മീറ്ററിലധികം നീളത്തിൽ കൽക്കെട്ട് നിർമിച്ചത്. ഭിത്തി ഇടിയുന്ന സമയത്ത് മോനച്ചനും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു.
ഇവർ ഉടൻ തന്നെ അടുത്ത വീട്ടിലേക്ക് മാറി. സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം പൂർണമായും ഇടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. വീട് അപകടാവസ്ഥയിലായതോടെ മോനച്ചനും കുടുംബവും വാടക വീട്ടിലേക്ക് താമസം മാറി. 2018ലെ പ്രളയത്തിൽ വീടിന്റെ പിൻവശത്ത് മണ്ണിടിഞ്ഞിരുന്നു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയിലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു. വീണ്ടും മണ്ണിടിയാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ഭിത്തി നീക്കം ചെയ്യാൻ വില്ലേജ് ഓഫീസറോട് ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ ഭൗമശാസ്ത്ര വിദഗ്ദ്ധരെ സ്ഥലത്തെത്തി വീടും സ്ഥലവും വാസയോഗ്യമാണോയെന്ന് പരിശോധിക്കുമെന്നും ജോസുകുട്ടി കണ്ണമുണ്ടയിൽ പറഞ്ഞു.