പാലാ: ആസാം സ്വദേശികളെന്നു കരുതുന്ന രണ്ട് അമ്മമാർക്കും രണ്ടു കുഞ്ഞുങ്ങൾക്കും അഭയമൊരുക്കി പാലാ മരിയസദൻ. ഒൻപത് മാസം പ്രായമുള്ള ആൺകുഞ്ഞിനെയും മൂന്നു വയസുള്ള പെൺകുട്ടിയേയും അവരുടെ അമ്മമാരെയും കല്ലറ മഹിളാമന്ദിരം അധികൃതരുടെ നേതൃത്വത്തിലാണ് തുടർ സംരക്ഷണത്തിനായി പാലാ മരിയസദനത്തിൽ എത്തിച്ചത്. ഇവരിൽ ഒരാൾ 6 മാസം ഗർഭിണിയാണ്. കോട്ടയം ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ ഉത്തരവ് പ്രകാരം കുട്ടികളെ മരിയസദനം ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ പ്രവർത്തിച്ചുവരുന്ന ചിൽഡ്രൻ ഹോമായ ലിസ്യൂ സദനത്തിന്റെ സംരക്ഷണയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. രണ്ട് അമ്മമാരിലും മാനസിക അസ്വസ്ഥതകളും പ്രകടമാണ്. കുടുംബത്തോടൊപ്പം കേരളത്തിൽ ജോലി അന്വേഷിച്ചെത്തിയതാണ് ഇവരെന്നു കരുതുന്നു.
ബീഹാർ, ആസാം, തമിഴ്‌നാട്, ഉത്തർപ്രദേശ് എന്നിവടങ്ങളിൽ നിന്നുമായി കഴിഞ്ഞ ആറുവർഷത്തിനിടയിൽ നിരവധി അന്യസംസ്ഥാനക്കാരായ അന്തേവാസികൾ മരിയസദനത്തിൽ എത്തിയിട്ടുണ്ട്. നിലവിൽ അന്യസംസ്ഥാനക്കാരായ ഇരുപതോളം അന്തേവാസികൾ മരിയസദനിലുണ്ട്.
സ്വന്തം മേൽവിലാസമോ ബന്ധുക്കളുടെ വിവരങ്ങളോ ലഭിക്കാത്തത്തിനാൽ തിരികെ സ്വദേശത്തേക്ക് മടങ്ങാനാകാതെ നിസഹായരാണ് ഇവരിൽ പലരുമെന്ന് മരിയസദൻ ഡയറക്ടർ സന്തോഷ് ജോസഫ് പറഞ്ഞു.