കട്ടപ്പന: കാമാക്ഷി പഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ നീക്കം നടത്തുന്നതായി ഭരണസമിതി ആരോപിച്ചു. ആരോഗ്യ വകുപ്പിലെയും പൊലീസിലെയും ചില ഉദ്യോഗസ്ഥരും യൂത്ത് കോൺഗ്രസുമായി ചേർന്നാണ് നീക്കം നടത്തുന്നത്. മൂന്ന് മാസമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുൻഗണന വിഭാഗത്തിലുള്ളവർക്ക് സമയബന്ധിതമായി വാക്‌സിൻ നൽകിവരുന്നു. 60 ശതമാനം ആളുകൾക്കും ആദ്യ ഡോസ് നൽകി. പാലിയേറ്റീവ് രോഗികളും 60 വയസ് കഴിഞ്ഞവരുമായ 98 ശതമാനം പേർക്കും നൽകി. മികച്ച പ്രവർത്തനങ്ങളിലൂടെ രോഗസ്ഥിരീകരണ നിരക്ക് അഞ്ച് ശതമാനത്തിൽ താഴെ എത്തിക്കാൻ കഴിഞ്ഞു. എന്നാൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ 2 ദിവസമായി ക്യാമ്പ് അലങ്കോലപ്പെടുത്താൻ ശ്രമിക്കുകയാണ്. ശനിയാഴ്ച 1200 പേർ ക്യാമ്പിലെത്തി. വാക്‌സിന്റെ ലഭ്യതക്കുറവും ഡി.എം.ഒയുടെ ഉത്തരവും പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ച പഞ്ചായത്തംഗങ്ങളെ കേസിൽ കുടുക്കാനാണ് പൊലീസ് ശ്രമിച്ചത്. ഇതിനെതിരെ മുഖ്യമന്ത്രി, ജില്ലാ പൊലീസ് മേധാവി, കട്ടപ്പന ഡിവൈ.എസ്.പി. എന്നിവർക്ക് പരാതി നൽകി. വാക്‌സിനേഷൻ അട്ടിമറിക്കാൻ ശ്രമിച്ചവർക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്തിന്റെ അടിയന്തര യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ജോസഫ്, വൈസ് പ്രസിഡന്റ് റെജി മുക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.