എലിക്കുളം:ഗ്രാമപഞ്ചായത്ത് 14ാം വാർഡിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽ.ഡി.എഫ്, യു.ഡി.എഫ്, എൻഡി.എ സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രികകൾ സമർപ്പിച്ച് പ്രചരണം ആരംഭിച്ചു. കേരളകോൺഗ്രസ് (എം)ലെ ടോമി ഇടയോടിയിലാണ് എൽ.ഡി.എഫ് സ്ഥാനർത്ഥി. കോൺഗ്രസ് എലിക്കുളം മണ്ഡലം പ്രസിഡന്റുകൂടിയായ ജെയിംസ് ജീരകത്തിലാണ് യു.ഡി.എഫിനുവേണ്ടി മത്സരിക്കുന്നത്. ബി.ജെ.പി പാലാ അസംബ്ലി മണ്ഡലം സെക്രട്ടറി ജയപ്രകാശ് വടകരയാണ് എൻ.ഡി.എ സ്ഥാനാർത്ഥി. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസിൽനിന്ന് രാജിവെച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ച ജൊജോ ചീരാംകുഴിയുടെ മരണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. 16 അംഗ പഞ്ചായത്തിൽ എൽ.ഡി.എഫ് 9, യു.ഡി.എഫ് 4, ബി.ജെ.പി 2എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. ആഗസ്റ്റ് 11നാണ് വോട്ടെടുപ്പ്.