അടിമാലി: കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയിൽ അടിമാലി കൂമ്പൻപാറയ്ക്കു സമീപം റോഡിന്റെ ഫില്ലിംഗ് സൈഡ് ഇടിഞ്ഞിരിക്കുന്നത് ദുരന്തത്തിന് വഴിയൊരുക്കുമെന്ന് ആശങ്ക. വീതി കുറഞ്ഞ് കൊടും വളവോടു കൂടിയ ഭാഗത്താണ് ഡൈഡ് ഇടിഞ്ഞ് ഗതാഗതം ദുഷ്‌കരമായി മാറിയത്.
ഇതിന് അടിഭാഗം അഗാധമായ കൊക്കയാണ്. മഴക്കാലമായതോടെ മുൾപടർപ്പുകൾ മൂടികിടക്കുന്നതിനാൽ ഇവിടെ അപകട സാധ്യത വർദ്ധിക്കുകയാണ്. മൂന്നാറിലേയ്ക്ക് എത്തുന്ന വിനോദ സഞ്ചാരികൾക്ക് റോഡിലെ അപകടം തിരച്ചറിയാൻ കഴിയുന്ന തരത്തിലുള്ള ബോർഡുകൾ സ്ഥാപിക്കാത്തത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് ദേശീയ പാത അധികൃതർക്ക് നാട്ടുകാർ പാരാതി നൽകിയെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇടിഞ്ഞ ഭാഗത്ത് വീതികുട്ടി സംരക്ഷണ ഭിത്തി നിർമിച്ചാൽ ഇതുവഴി കടന്നു പോകുന്ന വിനോദ സഞ്ചാരികൾക്ക് വാഹനങ്ങൾ പാർക്കു ചെയ്ത് അടിമാലിയുടെയും പരിസര പ്രദേശങ്ങളുടെയും കാഴ്ചകൾ ആസ്വദിക്കാൻ കഴിയുമായിരുന്നു.