gg

ചങ്ങനാശേരി: കാരുണ്യം 'ചാർജ് ചെയ്തും നന്മ 'ഷെയർ' ചെയ്തും പാവങ്ങളെ ചേർത്ത് പിടിക്കുകയാണ് ശ്രീനാരായണീയർ വാട്‌സാപ്പ് കൂട്ടായ്മ. സമുദായ നേതാക്കളും പൊതുപ്രവർത്തകരും പ്രവാസികളും ഉൾപ്പെടുന്ന കൂട്ടായ്മ മറ്റുള്ളവർക്ക് സാന്ത്വനത്തിന്റെ കുടചൂടുകയാണ്. ഇതുവരെ പായിപ്പാട് മുതൽ പാത്താമുട്ടം വരെയുള്ളവർക്ക് ശ്രീനാരായണീയർ വാട്‌സ് ആപ്പ് കൂട്ടായ്മ സാന്ത്വന സ്പർശമേകി. എസ്.എൻ.ഡി.പി യോഗം പായിപ്പാട് ശാഖാ അംഗം അരയ്ക്ക് താഴെ തളർന്ന സുനിതയ്ക്ക് ഒറ്റ ദിവസം കൊണ്ട് ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ സമാഹരിച്ച് തുടങ്ങിയ കാരുണ്യസഞ്ചാരം മഹാമാരിക്കാലത്തും തുടരുകയാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഭക്ഷണം നൽകിയും കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാര ചെലവുകൾ ഏറ്റെടുത്തും മാതൃകയായി. മജ്ജമാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സഹായംതേടിയ പത്താമുട്ടം പുതുപ്പറമ്പിൽ പി.ഡി.അനീഷിന്റെയും ശാരിയുടേയും മകൻ ദേവനന്ദനെ സഹായിക്കാൻ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ സ്വരൂപിച്ച ഒരു ലക്ഷം രൂപ ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ദേവനന്ദന്റെ മാതൃശാഖയായ പാത്താമുട്ടം ശാഖാ സെക്രട്ടറി വിജോജ് ഡി.വിജയനും പ്രസിഡന്റ് കെ.കെ. ബിജുമോനും കൈമാറി.

ഗിരീഷ് കോനാട്ടിനൊപ്പം യൂണിയൻ കൗൺസിലർ സുഭാഷ് മോഹൻ, തത്വമസി ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങളായ അസിം പണിക്കർ, വിജയൻ ടി.ഡി, ബിബിൻ ദാസ്, വിപിൻ കേശവ്, ഷാജി വരവുകാലായിൽ തുടങ്ങിയവരടങ്ങുന്ന നീണ്ടനിരയാണ് ഗ്രൂപ്പിനെ നയിക്കുന്നത്. പൊതുപ്രവർത്തകരും ജനപ്രതിനിധികളുമായ പ്രശാന്ത് മാനന്താനം,സൗമ്യ അനിഷ്, മുൻ പള്ളം ബ്ലോക്ക് പ്രസിഡന്റ് ലതാ കെ.സലി എന്നിവർ ഗ്രൂപ്പിൽ സജീവമാണ്. രാജനീഷ് ,ദിപുദാസ് ,അരുൺ, സുനിൽ കൊണ്ടകശേരിയിൽ, ജിനേഷ് കാലായിൽ എന്നിവരാണ് ഗ്രൂപ്പ് അഡ്മിൻമാർ.