പൊൻകുന്നം: നിർദ്ദിഷ്ട കരിമ്പുകയം ടൂറിസം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ് പദ്ധതിപ്രദേശം സന്ദർശിച്ചു. ജില്ലയിലെ നാലുമണിക്കാറ്റ് മാതൃകയിൽ സഞ്ചാരികളെ ആകർഷിക്കുന്ന പദ്ധതിയാണ് വിഭാവന ചെയ്യുന്നത്. കരിമ്പുകയം ചെക്ക് ഡാമിനോടനുബന്ധിച്ച് രണ്ടു കിലോമീറ്ററോളം നീളത്തിലുള്ള ജലാശയത്തിനിരുവശവും വിനോദസഞ്ചാരികളെ ആകർഷിക്കത്തക്കവിധം പദ്ധതികൾ ആവിഷ്‌ക്കരിക്കാനാണ് ആലോചിക്കുന്നത്.
ഇത് എങ്ങനെ പ്രായോഗികമാക്കാമെന്നുള്ള പരിശോധനയാണ് ഡോ.എൻ.ജയരാജിന്റെ നേതൃത്വത്തിൽ നടന്നത്. ആദ്യപടിയായി ജലവിഭവ വകുപ്പിന്റെ ജണ്ടകൾ സ്ഥാപിച്ച് നടപ്പാത ഒരുക്കും. വാട്ടർ ടൂറിസവുമായി ബന്ധപ്പെട്ട് പെഡൽ ബോട്ടുകൾ ഇറക്കുന്ന കാര്യവും പരിഗണനയിലാണ്. വള്ളംകളി പുനരാരംഭിക്കണെന്ന നാട്ടുകാരുടെ ആവശ്യവും പരിഗണിക്കുമെന്ന് എം.എൽ.എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെസ്സി ഷാജൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റിജോ വാളാന്തറ, ടി.വി.ഹർഷകുമാർ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.പി.രാധാകൃഷ്ണൻ, ദിലീപ് കൊണ്ടൂപ്പറമ്പിൽ, മധുസൂദനൻപിള്ള എന്നിവരും ചീഫ് വിപ്പിനൊപ്പം ഉണ്ടായിരുന്നു.
ചിത്രം: കരിമ്പുകയം ടൂറിസം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഗവ.ചീഫ് വിപ് .ഡോ.എൻ ജയരാജ് പദ്ധതിപ്രദേശം സന്ദർശിച്ചപ്പോൾ.