കോട്ടയം: ഓൺലൈൻ രജിസ്‌ട്രേഷനില്ലാതെ വാക്‌സിൻ വിതരണം ചെയ്യുന്നതായുള്ള പ്രചരണത്തെ തുടർന്നു മുട്ടമ്പലത്തെ വാക്‌സിൻ സെന്ററിൽ വൻ തിരക്ക്. ആളുകൾ കൂട്ടത്തോടെ എത്തുകയും, രജിസ്റ്റർ ചെയ്യാത്തവർക്ക് വാക്‌സിൻ ലഭിക്കാതെ വരികയും ചെയ്തതോടെ സ്‌കൂളിനു മുന്നിൽ വാക്കേറ്റവും തർക്കവുമുണ്ടായി. ഇന്നലെ ഉച്ചയോടെയാണ് വാക്‌സിനെടുക്കാൻ എത്തിയവരും ജീവനക്കാരും തമ്മിൽ തർക്കമുണ്ടായത്. രജിസ്റ്റർ ചെയ്യാത്തവർക്കും വാക്‌സിൻ മുട്ടമ്പലത്ത് ലഭിക്കുമെന്ന് സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരണമുണ്ടായി. ഇതോടെയാണ് നാട്ടുകാർ കൂട്ടത്തോടെ ഇവിടേയ്ക്ക് എത്തിയത്. ഒടുവിൽ എത്തിയ എല്ലാവർക്കും ആവശ്യമായ ഡോസ് ഇല്ലാതെ വന്നതും പ്രശ്‌നങ്ങൾക്ക് കാരണമായി.
വാർഡ് പരിധിയിൽ, ഓൺലൈൻ രജിസ്റ്റർ ചെയ്ത ഒന്നാം ഡോസുകാർക്കും രണ്ടാം ഡോസിനായി മൊബൈൽ സന്ദേശം വന്നവർക്കുമാണ് ഇവിടെ വാക്‌സിൻ നൽകിയിരുന്നത്. രാവിലെ കേന്ദ്രത്തിൽ എത്തിയ എല്ലാവരിൽ നിന്നും ആരോഗ്യ പ്രവർത്തകർ ഫോൺ നമ്പർ ശേഖരിച്ചിരുന്നു. വാക്‌സിൻ എടുക്കുന്ന സമയത്ത് സ്ഥലത്തില്ലെങ്കിൽ വിളിക്കാനും എത്തിയവരുടെ കണക്കു ശേഖരിക്കാനുമാണ് നമ്പർ ശേഖരിച്ചത്.
എന്നാൽ, നമ്പർ ശേഖരിക്കുന്നത് രജിസ്റ്റർ ചെയ്യാത്തവർക്കും വാക്‌സിൻ നൽകാനാണെന്ന പ്രചരണമുണ്ടായി. ഇതോടെ നഗരത്തിലെ വിവിധ വാർഡുകളിൽ നിന്നും മറ്റു പഞ്ചായത്തുകളിൽ നിന്നും ഇവിടേയ്ക്ക് ആളെത്തിയത്.
കാത്തുനിന്നു, മണിക്കൂറുകൾ
ഓൺലൈനിൽ രജിസ്റ്റർ ചെയ്യാത്തവരുടെയും വിവരങ്ങൾ ആരോഗ്യ വകുപ്പ് ശേഖരിച്ചിരുന്നു. ഇതോടെ ഇവരില പലരും വാക്‌സിൻ ലഭിക്കുമെന്ന ധാരണയിൽ കാത്തിരുന്നു. ഓൺലൈൻ രജിസ്റ്റർ ചെയ്യാതെ എത്തുകയും രാവിലെ മുതൽ കാത്തിരിക്കുകയും ചെയ്ത കറുകച്ചാൽ സ്വദേശികളായ രണ്ടു പേർക്ക് വാക്‌സിൻ ലഭ്യമല്ലെന്ന് ഉച്ചകഴിഞ്ഞ് അറിയിച്ചതാണ് ബഹളത്തിലും വാക്കേറ്റത്തിലും കലാശിച്ചത്. ഒടുവിൽ ആരോഗ്യ വകുപ്പ് ഇടപെട്ടു പ്രശ്‌നം പരിഹരിച്ചു. ശനിയാഴ്ച ജില്ലയിൽ റിക്കാർഡ് വാക്‌സിൻ വിതരണം നടന്നിരുന്നു. അന്നും ഇത്തരത്തിൽ രജസ്ട്രഷൻ ഇല്ലാതെ വാക്‌സിൻ വിതരണമുണ്ടാകുമെന്ന് പ്രചരിച്ചത് വ്യാപക തിരക്കിന് കാരണമായിരുന്നു.