line

കോട്ടയം: അതിവേഗ റെയിൽപാതയ്‌ക്കായി സ്ഥലം വിട്ടു നൽകുന്നവർക്ക് കൂടംകുളം വൈദ്യുതി പദ്ധതിയ്‌ക്കായി സ്ഥലം വിട്ടു നൽകിയവരുടെ ഗതിയാകുമെന്ന് മുന്നറിയിപ്പ് . കൂടംകുളത്തിനായി വർഷങ്ങൾക്ക് മുൻപ് സ്ഥലം വിട്ടു നൽകിയവരിൽ പലർക്കും ഇനിയും നഷ്‌ടപരിഹാര തുക ലഭിച്ചിട്ടില്ല.

പത്തു വർഷം മുൻപ് കൂടംകുളം പദ്ധതിയ്‌ക്കായി ചങ്ങനാശേരി, പാമ്പാടി, കടുത്തുരുത്തി പ്രദേശങ്ങളിൽ 16 മീറ്റർ സ്ഥമാണ് ലൈൻ കടന്നുപോകാനായി ഏറ്റെടുത്തത്. എന്നാൽ ഇരുവശത്തുമായി 15 മീറ്റർ വീതം റിസർവായി കണക്കാക്കി മൊത്തം 46 മീറ്റർ സ്ഥലം ഉടമകൾ വിട്ടുകൊടുക്കേണ്ടിവന്നു. 16 മീറ്റർ സ്ഥലത്തിനു മാത്രമാണ് നഷ്ടപരിഹാരം അനുവദിച്ചത്. സ്ഥലത്തിനുള്ള ഫെയർ വാല്യൂവിന്റെ ഇരട്ടിയാണ് ലൈൻ കടന്നു പോകുന്ന സ്ഥലത്തിനു നഷ്ടപരിഹാരമായി പറഞ്ഞിരുന്നത്. ടവർ സ്ഥാപിക്കുന്ന സ്ഥലത്ത് അഞ്ചിരട്ടിയും. മരങ്ങൾക്കും വീടുകൾക്കും പ്രത്യേകം നഷ്ടപരിഹാരം നൽകുമെന്നും പറഞ്ഞിരുന്നു.
ടവറിനായി ഏറ്റെടുത്ത സ്ഥലം ഉപയോഗിക്കാൻ കഴിയില്ലന്നതിനാലാണ് വൻ തുക നഷ്‌ടപരിഹാരം നൽകിയത്. എന്നാൽ, ലൈൻ കന്നുപോകുന്ന സ്ഥലത്ത് കപ്പ, വാഴ പോലുള്ള കൃഷികൾ ചെയ്യാൻ സാദ്ധ്യമാകുമെങ്കിലും കർഷകർക്കു കാര്യമായ സാമ്പത്തിക പ്രയോജനം ലഭിക്കില്ല.

അതിവേഗ റെയിൽ പാതയ്ക്കു സ്ഥലമേറ്റെടുക്കുന്ന നടപടികളുമായി സർക്കാർ മുന്നോട്ടു പോകുമ്പോൾ, കൂടംകുളം വൈദ്യുതി ലൈനിനായി സ്ഥലം വിട്ടു നൽകുകയും നഷ്ടപരിഹാരത്തിനായി ഇപ്പോഴും ഓഫീസുകൾ കയറിയിറങ്ങുകയും ചെയ്യുന്നവരെ സർക്കാർ കാണുന്നില്ലെന്നാണ് ആക്ഷേപം. ലൈൻ കടന്നു പോകുന്നതിനാൽ റബർ ഉൾപ്പെടെയുള്ള കൃഷികൾ വെട്ടിമാറ്റിയവരാണ് ഇപ്പോൾ നഷ്ടപരിഹാരം തേടി അലയുന്നത്.

' നാലു വർഷത്തിലേറെയായി നഷ്‌ടപരിഹാരത്തിനായി ഓഫീസുകൾ കയറിയിറങ്ങുകയാണ്. ഇതുവരെയും തീരുമാനം ഉണ്ടായിട്ടില്ല. സാധാരണക്കാരായ കർഷകരാണ് ഇതു മൂലം ദുരിതം അനുഭവിക്കുന്നത്.

- മഹേഷ്, പള്ളിക്കത്തോട്