forest

തഹസീർദാർ റിപ്പോർട്ട് കളക്ടർക്ക് കൈമാറി

അടിമാലി:വനഭൂമി എന്ന പേരിൽ കഴിഞ്ഞ മൂന്ന് മാസം മുൻപ് വനംവകുപ്പ് പ്ലാമലയിലും പീച്ചാടും തിരിച്ചെടുത്ത ഭൂമി റവന്യൂ വകുപ്പിന്റെ ഭൂമിയാണെന്നും ഇത് അരനൂറ്റാണ്ടിലേറെയായി കർഷകരുടെ കൈവശ ഭൂമിയാണെന്ന് കളക്ടർക്ക് റവന്യു വകുപ്പ് റിപ്പോർട്ട് നൽകി
വിളവെടുക്കാറായ ഏലച്ചെടികൾ വെട്ടി നശിപ്പിച്ച് മൂന്ന് മാസം മുൻപ് വനംവകുപ്പ് ജണ്ടയിട്ട് തിരിച്ചത് കർഷകരുടെ കൈവശ ഭൂമിയിൽ തന്നെയെന്ന് റവന്യു വകുപ്പിന്റെ റിപ്പോർട്ട്. ആനവിരട്ടി, മന്നാംകണ്ടം വില്ലേജുകളുമായി അതിർത്തി പങ്കിടുന്ന പ്ലാമല, പീച്ചാട്, കോട്ടപ്പാറ മേഖലകളിലുള്ള 200 ഏക്കറോളം കൃഷിഭൂമി കർഷകരുടേതാണ് ദേവികുളം ഭൂരേഖാ തഹസിൽദാർ കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
അൻപത് വർഷത്തിൽ ഏറെയായി ഏല കൃഷി നടത്തുന്ന പ്രദേശമാണ് ഇത്. 2005 മുതൽ വനംവകുപ്പ് വനഭൂമിയാണെന്ന അവകാശവാദവുമായി രംഗത്തെത്തി. മലയാറ്റൂർ റിസർവ് ഫോറസ്റ്റ് ഭൂമിയാണെന്നായിരുന്നു വനം വകുപ്പിന്റെ വാദം. ഇതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങുന്നത്.ഇതിന്റെ പേരില് കഴിഞ്ഞ 15 വർഷത്തിനിടെ ഇരുപതിലേറെ തവണ വനപാലകർ കൃഷി നശിപ്പിച്ചു. ഇത് തുടർന്നതോടെ കർഷകർ കൂട്ടത്തോടെ ഹൈക്കോടതിയില് ഹർജി നൽകി. കേസുള്ളപ്പോൾ തന്നെ ഏപ്രിൽ ഒൻപതിന് വനംവകുപ്പ് വീണ്ടും കൃഷി നശിപ്പിച്ചു. കൃഷിഭൂമിയിൽ ജണ്ടയുമിട്ടു.കോടതിയുടെ നിർദ്ദേശ പ്രകാരം റവന്യു വകുപ്പ് നടത്തിയ പരിശോധനയിലാണ് ഈ ഭൂമി പതിറ്റാണ്ടുകളായി കർഷകരുടെ കൈവശ ഭൂമിയാണെന്ന് കണ്ടെത്തിയത്. ഈ റിപ്പോർട്ട് ഇനി കോടതിയിൽ സമർപ്പിക്കും.

റിപ്പോർട്ട് ഇങ്ങനെ
* കർഷകർ കൃഷി ചെയ്യുന്ന ഭൂമിയിലെ കൈവശത്തിന് അൻപത് വർഷത്തിൽ കൂടുതൽ പഴക്കമുണ്ട്. കർഷകർ നട്ട് വളർത്തിയിരിക്കുന്ന കാപ്പി പോലുള്ള കൃഷികൾ ഇതിന് തെളിവാണ്.
* കർഷകരുടെ കൈ വശത്തിൽ ഇരിക്കുന്ന ഭൂമിയുടെ അതിരുകളിൽ വനം വകുപ്പിന്റെ പഴയ ജണ്ട ഇല്ല. 1977ന് മുൻപ് വനഭൂമി കൈയേറി കൃഷി ചെയ്ത കുടിയേറ്റക്കാർക്ക് നിയമ പ്രകാരം അവകാശപ്പെട്ട പരിരക്ഷക്ക് ഈ കർഷകർ അർഹരാണ് കർഷകരുടെ കൈവശത്തിൽ ഇരിക്കുന്ന ഭൂമി പാട്ടത്തിന് കൊടുക്കുന്നതിന് വനം ഉദ്യോഗസ്ഥർ തന്നെ ശുപാർശ ചെയ്തിരിക്കുന്നതായി കാണുന്നു
* കർഷകരുടെ കൈവശത്തിൽ ഇരിക്കുന്ന ഭൂമിക്ക് പട്ടയത്തിന് അപേക്ഷ നൽകിയിരിക്കുന്നതിന്റെ തെളിവുണ്ട്. ഭൂപതിവ് നിയമ പ്രകാരം ഭൂമിയിൽ ഏലം കൃഷിയായതിനാലാണ് റവന്യു വകുപ്പിന് ഭൂമി പതിച്ച് നൽകാനാവില്ല


നഷ്ടപരിഹാരം

നൽകണം
ഭൂമി കർഷകരുടേതാണെന്ന് കണ്ടെത്തിയതോടെ തങ്ങളുടെ ഏലം ക്യഷി നശിപ്പിച്ചതിന് വനം വകുപ്പ് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവുമായി കർഷകർ രംഗത്ത് വന്നു.വനഭൂമി കയ്യേറി എന്ന പേരിൽ നിരവധി കർഷകർക്കെതിരെ വനം വകുപ്പ് കേസെടുത്തിട്ടുണ്ട്. ഇത് പിൻവലിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.മുൻ അടിമാലി റേഞ്ച് ഓഫീസറും, ഡി.എഫ്.ഒയുമാണ് തങ്ങളെ ഏറ്റവും കൂടുതൽ പീഡിപ്പിച്ചതെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ഹൈറേഞ്ച് സംരക്ഷണ സമിതിയും രംഗത്ത് വന്നിട്ടുണ്ട്.