മുൻ യു.ഡി.എഫ്. ഭരണസമിതി
മിനിട്ട്‌സ് തിരുത്തിയായി പ്രതിപക്ഷം
ശരിവച്ച് നഗരസഭാദ്ധ്യക്ഷ
കട്ടപ്പന: നഗരസഭയുടെ സ്ഥാപനങ്ങൾ ലേലം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ മുൻ യു.ഡി.എഫ് ഭരണസമിതിക്കെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷം. എതിർകക്ഷിക്ക് അനുകൂലമായി മുൻ ഭരണസമിതി മിനിട്ട്‌സ് തിരുത്തിയതായി എൽ.ഡി.എഫ്. അംഗങ്ങൾ ആരോപിച്ചു. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്താൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചിട്ടുണ്ട്. 2 മാംസ സ്റ്റാളുകൾ, 3 മത്സ്യ സ്റ്റാളുകൾ, പഴയ സ്റ്റാൻഡിലെയും പുതിയ സ്റ്റാൻഡിലെയും കംഫർട്ട് സ്റ്റേഷനുകൾ, പുളിയൻമലയിലെ സ്ലോട്ടർ ഹൗസ്, പഴയ നഗരസഭ ഓഫീസിനു മുമ്പിലെ പാർക്കിംഗ് മൈതാനി എന്നിവ 2020-21 വർഷം ലേലം ചെയ്ത വകയിൽ 70 ലക്ഷത്തോളം രൂപയാണ് നഗരസഭയ്ക്ക് കിട്ടാനുള്ളത്. ലേലത്തിൽ പിടിക്കുന്നയാൾ ആകെത്തുകയുടെ 30 ശതമാനം മുൻകൂറായി അടയ്ക്കണമെന്നും 70 ശതമാനം നഗരസഭ നിശ്ചയിക്കുന്ന രണ്ടോ, മൂന്നോ തവണകളായി അടുത്ത മാർച്ചിന് മുമ്പ് അടച്ചുതീർക്കണമെന്നുമാണ് നിയമം. കൂടാതെ സോൾവൻസി സർട്ടിഫിക്കറ്റ്, നഗരസഭയുമായുള്ള കരാർ എന്നിവയും വേണം. എന്നാൽ കഴിഞ്ഞവർഷം ലേലം പിടിച്ചവരിൽ 2 പേർ ഒഴികെയുള്ളവരിൽ നിന്ന് 30 ശതമാനം തുകയോ സോൾവൻസി സർട്ടിഫിക്കറ്റോ വാങ്ങിയിട്ടില്ല. ലോക്ക്ഡൗണിനെ തുടർന്ന് സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിച്ചിരുന്നില്ല. 4 മാസത്തെ വാടക ഇളവ് ചെയ്ത് നൽകണമെന്ന് കരാറുകാർ നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇളവ് സംബന്ധിച്ച് പരിശോധിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. കരാറുകാർ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിലാണ് ഇവർക്ക് അനുകൂലമായി മിനിട്ട്‌സ് തിരുത്തിയതായി ആരോപണമുയർന്നിരിക്കുന്നത്. ഇളവ് നൽകുന്ന കാര്യം പരിശോധിക്കാൻ തീരുമാനിച്ച യോഗത്തിലെ മിനിട്ട്‌സ് തിരുത്തി 4 മാസത്തെ ഇളവ് നൽകാൻ തീരുമാനിച്ചതായി രേഖപ്പെടുത്തുകയായിരുന്നു. നഗരസഭയ്ക്കായി കോടതിയിൽ ഹാജരാകുന്ന അഭിഭാഷകനെ മാറ്റി നിയമിക്കാനും കൗൺസിൽ യോഗം തീരുമാനിച്ചിട്ടുണ്ട്.
'വിജിലൻസ് അന്വേഷിക്കണം'
ലേലവുമായി ബന്ധപ്പെട്ട ക്രമക്കേട് വിജിലൻസ് അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. നഗരസഭയ്ക്കായി ഹാജരാകുന്ന അഭിഭാഷകന് ഫീസ് ഇനത്തിൽ 4 ലക്ഷത്തോളം രൂപ നൽകിയിട്ടുണ്ട്. എന്നാൽ നഗരസഭയ്ക്ക് അനുകൂലമായി യാതൊന്നും ചെയ്തിട്ടില്ലെന്ന് നഗരസഭാദ്ധ്യക്ഷ തന്നെ കൗൺസിൽ യോഗത്തിൽ സമ്മതിച്ചിട്ടുണ്ട്.കെടുകാര്യസ്ഥതയ്ക്ക് പുരസ്‌കാരമുണ്ടെങ്കിൽ അത് ലഭിക്കേണ്ടത് കട്ടപ്പന നഗരസഭ ഭരണസമിതിക്കാണെന്നും എൽ.ഡി.എഫ് അംഗങ്ങളായ ഷാജി കൂത്തോടി, ബെന്നി കുര്യൻ, സിജോമോൻ ജോസ്, സുധർമ മോഹനൻ, ധന്യ അനിൽ, ബിന്ദുലത രാജു എന്നിവർ ആരോപിച്ചു.