പൊൻകുന്നം: കെ.എസ്.ആർ.ടി.സി പൊൻകുന്നം ഡിപ്പോയിൽ ആകെയുണ്ടായിരുന്ന രണ്ട് സൂപ്പർഫാസ്റ്റ് ബസുകൾ അധികൃതർ തിരിച്ചെടുത്തു. പൊൻകുന്നം ഡിപ്പോയിൽ നിന്നും ഉച്ചയ്ക്ക് ഒന്നരയ്ക്കുള്ള പരപ്പ പാണത്തൂർ ദീർഘദൂര സർവീസിനായി രണ്ട് സൂപ്പർഫാസ്റ്റ് ബസുകളാണ് ഉപയോഗിച്ചിരുന്നത്. ലോക് ഡൗൺ ആരംഭിച്ചതോടെ വരുമാന കുറവുമൂലം സർവീസ് താത്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. കണ്ണുർ റെയിൽവേ സ്റ്റേഷൻ വഴി പോകുന്ന ഈ സർവീസ് ഏറെ പ്രയോജനകരമായിരുന്നു. സർവീസ് പുനരാരംഭിക്കുന്ന വിവരം കഴിഞ്ഞ ദിവസം ഡിപ്പോ അധികൃതർ തിരുവനന്തപുരം ചീഫ് ഓഫിസിൽ അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് ചീഫ് ഓഫീസിൽ നിന്നുമുള്ള അറിയിപ്പിനെ തുടർന്ന് ഒരു സൂപ്പർഫാസ്റ്റ് മൂവാറ്റുപുഴയ്ക്കും ഒരെണ്ണം കൊട്ടാരക്കരയ്ക്കും കൊണ്ടുപോയത്. ഇതോടെ പൊൻകുന്നം ഡിപ്പോയ്ക്ക് സ്വന്തമായി സൂപ്പർ ഫാസ്റ്റുകളില്ലാത്ത സ്ഥിതിയാണ്. ഗവ.ചീഫ് വിപ്പും സ്ഥലം എം.എൽ.എയും കൂടിയായ ഡോ.എൻ.ജയരാജ് ഇതു സംബന്ധിച്ച് ഗതാഗത മന്ത്രി ആന്റണി രാജുവുമായി ചർച്ച നടത്തി. പൊൻകുന്നം ഡിപ്പോയ്ക്ക്ക്ക് ബസുകൾ തിരികെ നൽകാൻ നടപടി സ്വീകരിച്ചതായും ഡിപ്പോയിൽ നിന്നും ഒരു ബസും തിരിച്ചെടുക്കില്ലെന്ന് മന്ത്രി ഉറപ്പ് നൽകിയതായും ഡോ.എൻ.ജയരാജ് അറിയിച്ചു.